കണ്ണൂർ: ഊട്ടിയിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാർ കര്‍ണാടക ഗുണ്ടല്‍പ്പേട്ടിന് സമീപം ലോറിയിലിടിച്ച് ഗുരുതര പരിക്കേറ്റ പിഞ്ചുകുഞ്ഞും മരണത്തിന് കീഴടങ്ങി. കണ്ണൂർ സിറ്റി വെറ്റിലപ്പള്ളി പാൽ സൊസെറ്റിക്ക് സമീപം മുനീറാസിൽ വി. മുനീറ (45), ഇവരുടെ മകൾ നിഹാല സുൽത്താനയുടെ ഭർത്താവ് മലപ്പുറം തിരൂരങ്ങാടി മമ്പുറം സ്വദേശി മൂക്കമ്മല്‍ മുനീൽ (30), മുനീറയുടെ മകൾ ഷഹലയുടെ മകൻ മൊഹീസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിഹാലയുടെ ഗർഭസ്ഥശിശുവും മരിച്ചു.
മുനീറയുടെ മക്കളായ നിഹാല സുൽത്താന, ഷഹല പർവീൺ, സാനിയ മിർസ, ഷഹല പർവീണിന്റെ ഭർത്താവ് ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ദിപ്പൂർ വനപാതയിൽ ദേശീയപാത 766ൽ ഗുണ്ടൽപ്പേട്ടിന് സമീപം കക്കൊൽദൊണ്ടിയിൽ ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തം. തലശ്ശേരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഏഴംഗ കുടുംബം ശനിയാഴ്ച രാത്രി ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. മുനീറയും മുനീലും തൽക്ഷണം മരിച്ചു. മോഹിസ് സിദാൻ ചാമരാജ് നഗർ മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. പ്രവാസിയായ മുനീൽ ഞായറാഴ്ച ഗൾഫിലേക്ക് മടങ്ങാനിരുന്നതാണ്. മരിച്ച കണ്ണൂർ സ്വദേശികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കണ്ണൂർ സിറ്റി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച രാത്രി ഖബറടക്കി.
സൗദിയിലുള്ള ഷഫീക്കാണ് മുനീറയുടെ ഭർത്താവ്. ഇദ്ദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തും. മുനീലിന്റെ മൃതദേഹം തിരൂരങ്ങാടിയിലെത്തിച്ച് ഞായറാഴ്ച രാത്രി ഖബറടക്കി. മുസ്തഫയാണ് മുനീറയുടെ പിതാവ്. ഉമ്മ: സഫിയ. സഹോദരങ്ങള്‍: മാജിദ, മുസമ്മില. മലപ്പുറം ജില്ലയിലെ മമ്പുറം വെട്ടത്തുബസാർ മൂക്കമ്മൽ മുസ്തഫയുടെ മകനാണ് മുനീർ. ഭാര്യ: നിഹാല. മാതാവ്: സഫിയ. സഹോദരികൾ: മാജിദ, മുസമ്മില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.