തിരുവനന്തപുരം: കേരളത്തിൽ താണ്ഡവമാടിയത് അതിതീവ്ര മഴയാണെന്ന് വിദഗ്ധർ. മേഘവിസ്ഫോടനം നടന്നിട്ടില്ല. കുറേ നാൾ പെയ്യാതിരുന്ന് ഒറ്റ ദിവസം കൊണ്ട് വൻമഴ പെയ്യുന്ന ഇപ്പോഴത്തെ പ്രതിഭാസത്തിനു കാരണം എൽനിനോയും കാലാവസ്ഥ മാറ്റവുമാണ്. ആഗോളതാപനം മൂലം ചൂടായ അന്തരീക്ഷത്തിന് കൂടുതൽ കാലം ഈർപ്പം പിടിച്ചുവെക്കാൻ കഴിയും. താപനില ഉയരുന്നതനുസരിച്ച് കൂടുതൽ ഈർപ്പം പിടിച്ചുവെക്കുകയും ഒരുമിച്ചു പെയ്യുകയും ചെയ്യുമ്പോഴാണ് അതിതീവ്ര മഴയുണ്ടാകുന്നത്. എൽനിനോ ഈ പ്രതിഭാസങ്ങളെ ഇരട്ടിയാക്കും. എൽനിനോയുടെ ഫലമായി മൺസൂൺ കാറ്റ് ദുർബലമാകുകയും മൊത്തത്തിൽ കിട്ടുന്ന മഴ കുറയുകയും ചെയ്യും. ഈ സമയത്ത് ന്യൂനമർദം ഉണ്ടാവുകയാണെങ്കിൽ ഒറ്റയടിക്ക് പെയ്യുകയും ചെയ്യും.
കേരളം പോലെ നിരന്തരം പാരിസ്ഥിതിക പ്രഹരങ്ങൾക്ക് വിധേയമാകുന്ന സംസ്ഥാനത്തിന് കാലാവസ്ഥ പ്രവചനവും പഠനവും ദുരന്തനിവാരണവും ഏകോപിപ്പിക്കാനുള്ള വിദഗ്ധ സമിതി അനിവാര്യം. ഈ സംവിധാനങ്ങളെല്ലാം സംസ്ഥാനത്ത് ലഭ്യമാണെങ്കിലും പരസ്പരബന്ധിതമല്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിലെ വേഗത്തിലുള്ള ഇടപെടലുകൾക്ക് തടസ്സമാകുന്നുണ്ട്. സംസ്ഥാനത്തിന്‍റെ കാലാവസ്ഥ പ്രവചനം മഴയിൽ മാത്രമൊതുങ്ങുന്നതുകൊണ്ടാണ് ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാനാവാത്തതെന്ന് പുണെ ഇന്ത്യൻ ഇസ്സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞനും കോട്ടയം പാലാ സ്വദേശിയുമായ ഡോ. റോക്സി മാത്യു കോൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചരിഞ്ഞ ഭൂപ്രകൃതിയും കൂടുതൽ ജനസംഖ്യയുമുള്ള, കനത്ത മഴ ലഭിക്കുന്ന, മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും അടിക്കടിയുണ്ടാകുന്ന കേരളത്തിന് സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന വിദഗ്ധ സമിതി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാധാരണ കാലാവസ്ഥ വിഭാഗം മഴ നിരീക്ഷിക്കുകയും പ്രവചിക്കുകയുമാണ് ചെയ്യുന്നത്. പെയ്തിറങ്ങുന്ന മഴ മണ്ണിന്‍റെ ഘടനയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നുവെന്നതും പ്രകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങളും നിരീക്ഷിക്കൽ ഇവരുടെ പരിധിയിൽ വരുന്നില്ല. അതിന് ജിയോളജി വകുപ്പുകളുടെയും മറ്റു കാലാവസ്ഥ പഠനവിഭാഗങ്ങളുടെയും ജലവകുപ്പിന്‍റെയും സഹായം വേണം. കേരളത്തെ സംബന്ധിച്ച് അതിനുള്ള സംവിധാനങ്ങളും ഡേറ്റയും സാങ്കേതികവിദ്യകളും കഴിവുള്ള ശാസ്ത്രജ്ഞരുമുണ്ട്. മറ്റു സംസ്ഥാനങ്ങളെ കാത്തിരിക്കാതെ അത്തരമൊരു പദ്ധതി കേരളം ആലോചിച്ചു നടപ്പാക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഒറ്റദിവസം കൊണ്ട് ഒന്നിച്ചു പെയ്തിട്ടും ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ ലഭിക്കേണ്ട കാലവർഷത്തിൽ 26 ശതമാനം കുറവാണ് ഇപ്പോഴും എന്നതാണ് വിരോധാഭാസം. ഈ പെരുമഴക്കുമുമ്പ് 30 ശതമാനമായിരുന്നു മഴക്കുറവ്. നിലവിൽ പെയ്യുന്ന മഴ ഭൂഗർഭജലത്തിൽ മാറ്റമുണ്ടാക്കുന്നില്ല. അതുകൊണ്ടാണ് മഴക്കുശേഷം ഒറ്റ വെയിൽ വരുമ്പോഴേക്കും കഠിന ചൂട് അനുഭവപ്പെടുന്നത്. അടുത്ത സീസണിലായിരിക്കും ഇത് പ്രതിഫലിക്കുകയെന്നും വരൾച്ചസാധ്യത മുന്നിൽ കാണണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.