തിരുവനന്തപുരം: മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 2025-26 സാമ്പത്തിക വർഷം കേരളത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) ഇടിവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാറിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തിന്റെ മൊത്തം എഫ്.ഡി.ഐയിൽ കേരളത്തിന്റെ വിഹിതം ഒരു ശതമാനത്തിൽ താഴെയാണ്. തമിഴ്നാടും കർണാടകയും ആന്ധ്രയുമടക്കം സ്ഥിതി വലിയ തോതിൽ മെച്ചപ്പെടുത്തിയപ്പോഴാണിത്. ദക്ഷിണേന്ത്യയിലെ പ്രധാന അഞ്ചു സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തിയതും കേരളത്തിലാണ്.
2025-26ൽ കേരളത്തിലേക്കുള്ള എഫ്.ഡി.ഐ വരവ് 3,281.21 കോടി രൂപയായിരുന്നു. മുൻവർഷത്തെ 3,330.26 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 1.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, കർണാടകയിലേക്കുള്ള നിക്ഷേപം ഇരട്ടിയിലധികമായി വർധിച്ച് 1,12,869.88 കോടിയായി. തമിഴ്നാട്ടിലേക്കുള്ളതാകട്ടെ 32 ശതമാനം വർധിച്ച് 41,197.97 കോടിയിലെത്തുകയും ചെയ്തെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തെ മറികടക്കുംവിധമാണ് ആന്ധ്രപ്രദേശിന്റെ പ്രകടനം. മുൻവർഷത്തെ 1,957.05 കോടിയിൽനിന്ന് 5,354.40 കോടിയായാണ് 2025-26 സാമ്പത്തിക വർഷത്തിൽ ആന്ധ്ര വളർച്ച രേഖപ്പെടുത്തിയത്. ഇരട്ടിയിലധികമാണ് ആന്ധ്രയുടെ വർധന. കേരളത്തെ മാറ്റിനിർത്തിയാൽ പ്രതിവർഷ വിദേശ നിക്ഷേപത്തിൽ ഇടിവുണ്ടായ മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം തെലങ്കാനയാണ്.
19,930.29 കോടിയായി തെലങ്കാനയുടെ നിക്ഷേപം കുറഞ്ഞെങ്കിലും ആകെ തുകയുടെ കാര്യത്തിൽ കേരളത്തേക്കാൾ മുന്നിലാണ്. കഴിഞ്ഞ ആറു സാമ്പത്തിക വർഷങ്ങളിലെ കണക്കെടുക്കുമ്പോൾ രാജ്യത്തെ മൊത്തം എഫ്.ഡി.ഐയിൽ കേരളത്തിന്റെ വിഹിതം ഒരു ശതമാനത്തിലേക്ക് എത്താറായിട്ടില്ല.
2025-26ൽ ഇന്ത്യയിലേക്ക് വന്ന ആകെ വിദേശ നിക്ഷേപം 5,16,935.85 കോടി രൂപയുടേതാണ്. ഇതിൽ ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായത് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്വെയർ മേഖലയിലാണ് (1,22,279 കോടി രൂപ). സേവന മേഖലയിൽ 87,873 കോടിയും ട്രേഡിങ് മേഖല 35,234 കോടി രൂപയും നിക്ഷേപം കൈവരിച്ച് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
സംസ്ഥാനങ്ങളിൽ 2025-26 സാമ്പത്തിക വർഷത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ, മഹാരാഷ്ട്രയുടെ വിഹിതം മുൻവർഷത്തെ 39.16 ശതമാനത്തിൽനിന്ന് 31.30 ആയി കുറഞ്ഞു. രണ്ടാം സ്ഥാനം നിലനിർത്തിയ കർണാടകയുടെ വിഹിതം 13.23 ശതമാനത്തിൽനിന്ന് 21.99 ആയി കുത്തനെ ഉയർന്നു.
വൻകിട, ഹൈടെക് കമ്പനികൾ ആഗ്രഹിക്കുന്ന നിരവധി അനുകൂല സാഹചര്യങ്ങൾ കേരളത്തിലുണ്ടെങ്കിലും വ്യക്തമായ നയരൂപവത്കരണത്തിന്റെ അഭാവമാണ് നിക്ഷേപം കുറയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.