കണ്ണൂർ: തെരഞ്ഞെടുപ്പിന് ഇനി ഒമ്പതു നാളുകൾ മാത്രം അവശേഷിക്കവെ നാട്ടിലെത്താനാവാതെ മറുനാടൻ മലയാളികൾ. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ആവശ്യത്തിനും വ്യാപാരത്തിനുമായി ആശ്രയിക്കുന്നത് കർണാടകയെയാണ്.
കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കർണാടക കർശനമാക്കിയതോടെയാണ് മറുനാടൻ മലയാളികൾ ദുരിതത്തിലായത്. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സി അടക്കമുള്ള സർവിസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. വോട്ടെടുപ്പിനും ഇൗസ്റ്ററിനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കവെ നാട്ടിലെത്താൻ ഒരുങ്ങിയിരുന്ന നൂറുകണക്കിന് ആളുകളുടെ യാത്രയാണ് ബുദ്ധിമുട്ടിലായത്.
ദിവസങ്ങൾക്കുള്ളിൽ റമദാൻ ആരംഭിക്കുേമ്പാഴും നാട്ടിൽ വരാനായി നിരവധിപേരാണ് ഒരുങ്ങിയിരിക്കുന്നത്. ബംഗളൂരു, മൈസൂരു, മംഗളൂരു, കൂർഗ് തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികളിൽ ഏറെയും കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്. ദിവസേന വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലെ നഗരങ്ങളിലെത്തുന്നവരും ഏറെയാണ്.
മാർച്ച് 25 മുതൽ കോവിഡ് സർട്ടിഫിക്കറ്റ് കർശനമാക്കിയിരുന്നു. ലോക്ഡൗണിന് ശേഷം കേരളത്തിെൻറയും കർണാടകയുടെയും ആർ.ടി.സി ബസുകൾ ഓടാൻ തുടങ്ങിയിരുന്നെങ്കിലും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ സർവിസ് കുറച്ചു. യാത്രക്കാർ കുറഞ്ഞതോടെയാണ് സർവിസ് കുറച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
നേരത്തെ കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് നാല് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയിരുന്നെങ്കിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ ഓടുന്നത്. രാവിലെ 7.30നും രാത്രി 9.30നും കണ്ണൂരിൽനിന്ന് പുറപ്പെടുന്ന എയർ ബസുകൾ രാവിലെ ഒമ്പതിനും രാത്രി ഒമ്പതരക്കുമാണ് ബംഗളൂരുവിൽനിന്ന് തിരിക്കുന്നത്.
ശരാശരി 30,000 രൂപയാണ് ഈ ബസുകൾക്ക് വരുമാനം. തിരക്കുള്ള സമയങ്ങളിൽ രാത്രി എട്ടിന് അഡീഷനൽ സർവിസ് നടത്താറുണ്ടെങ്കിലും യാത്രക്കാർ കുറവായതിനാൽ ഓട്ടംകുറച്ചു. കണ്ണൂരിൽനിന്ന് മൈസൂരു ബസ് ആദ്യമുണ്ടായിരുന്നെങ്കിലും നിലവിൽ ഓടുന്നില്ല. രാവിലെ 9.30ന് കണ്ണൂർവഴി പയ്യന്നൂരിൽനിന്ന് വരുന്ന ബസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല.
തലശ്ശേരിയിൽനിന്ന് തൊട്ടിൽപാലം- മാനന്തവാടി വഴിയും രാവിലെ പാനൂർവഴിയും മൈസൂരുവിലേക്ക് സർവിസ് നടത്തിയിരുന്ന ബസുകളും ഇപ്പോൾ ഓടുന്നില്ല. തലശ്ശേരിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള സർവിസ് ഏപ്രിൽ ആറുവരെ നിർത്തിവെച്ചിരിക്കുകയാണ്. ഓരോ ഡീലക്സ്, എക്സ്പ്രസ് ബസുകളെയാണ് തലശ്ശേരിയിലെ യാത്രക്കാർ ആശ്രയിച്ചിരുന്നത്.
ലോക്ഡൗൺ ഇളവുവന്നശേഷം ഇതിൽ ഒരെണ്ണം ആഴ്ചയിൽ ഒരിക്കൽ മാത്രമായി സർവിസ്. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ രണ്ടെണ്ണവും ഓട്ടം നിർത്തി. പയ്യന്നൂരിൽനിന്ന് സർവിസ് നടത്തുന്ന ബംഗളൂരു ബസ് ഇപ്പോൾ ഓടുന്നില്ല. മംഗളൂരുവിലേക്കുള്ള നാല് ബസുകളിൽ മൂന്നെണ്ണം ഓടുന്നുണ്ട്. കോവിഡിന് മുമ്പ് ജില്ലയിൽനിന്ന് അമ്പതോളം സ്വകാര്യ ബസുകൾ ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും സർവിസ് നടത്തിയിരുന്നു. പത്തിൽ താഴെ മാത്രമേ നിലവിൽ ഓടുന്നുള്ളൂ.
സ്വകാര്യ വാഹനങ്ങളിലും ബസുകളിലും അതിർത്തി കടക്കുന്നവരെ കുട്ട, വീരാജ്പേട്ട അടക്കമുള്ള ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന നടത്തിയശേഷമാണ് കടത്തിവിടുന്നത്. ട്രെയിനിൽ എത്തുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.