കാക്കൂർ: ദുബൈയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി േവ്ലാഗറും ആൽബം താരവുമായ റിഫ മെഹ്നുവിന് ഈന്താട് ഗ്രാമം കണ്ണീരോടെ വിടനൽകി. അമ്പലപ്പറമ്പിൽ റാഷിദ്-മെറീന ദമ്പതികളുടെ മകൾ റിഫ മെഹ്നുവിന്റെ (22) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 3.45നാണ് വിമാനമാർഗം കരിപ്പൂരിലെത്തിച്ചത്.
രണ്ടു വയസ്സുള്ള മകൻ റിഫയുടെ ചേതനയറ്റ ശരീരം കണ്ട്, ഉമ്മയെ വിളിച്ച് കരഞ്ഞത് കൂടിനിന്നവരെ കണ്ണീരണിയിച്ചു. രാവിലെ 7.30ന് പാവണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കി. സഹോദരൻ റിജുനും ഭർത്താവ് മെഹനാസും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തി.
മൂന്നു മാസം മുമ്പ് സന്ദർശക വിസയിൽ ഭർത്താവ് മെഹനാസിനും കുഞ്ഞിനുമൊപ്പം ദുബൈയിൽ പോയി അവിടെ പർദ ഷോപ്പിൽ ജോലി തരപ്പെടുത്തിയ റിഫ പിന്നീട് മകനെയുംകൊണ്ട് നാട്ടിലേക്കു മടങ്ങിയിരുന്നു. കുഞ്ഞിനെ നാട്ടിൽ നിർത്തി ഒരു മാസം മുമ്പാണ് വീണ്ടും ദുബൈയിലേക്കു തിരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വാടക വീട്ടിൽ കഴിയുന്ന ഉമ്മയെയും ബാപ്പയെയും പുതിയ വീട് വെച്ച് അവിടേക്ക് മാറ്റിത്താമസിപ്പിക്കണമെന്നത് റിഫയുടെ സ്വപ്നമായിരുന്നുവെന്ന് ഉപ്പ റാഷിദ് കണ്ഠമിടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.