'മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തത് കെ.ടി.ജലീൽ മന്ത്രിയായിരിക്കെ'; കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പി.കെ.ഫിറോസ്

കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് കെ.ടി.ജലീൽ എം.എൽ.എക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഫിറോസിന്റെ പുതിയ വെളിപ്പെടുത്തൽ.

2017ൽ നിർത്തിവെച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ കെ.ടി.ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്ന് ഫിറോസ് പറഞ്ഞു. തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിനെ തുടർന്നാണ് സി.രവീന്ദ്രനാഥിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ഫിറോസ് ആരോപിച്ചു.

വെട്ടം, ആതവനാട്, ബെഞ്ച് മാർക്ക് ഭൂമി സംബന്ധിച്ച് തർക്കമുയർന്നതോടെ 2017ൽ മന്ത്രി സി.രവീന്ദ്രനാഥ് ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ച് ഇറക്കിയ ഉത്തരവും ഫിറോസ് പുറത്തുവിട്ടു. ജലീൽ വിദ്യാഭ്യാസ മന്ത്രിയായ ശേഷമാണ് ഇത് പുനരാരംഭിച്ചത്. 2019 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ജലീലിന്റെ ആവശ്യം പരിഗണിച്ച് ഭൂമി ഏറ്റെടുക്കലിന്ന് പണം അനുവദിക്കാൻ മന്ത്രിസഭ തിരുമാനിച്ചതിന്റെ രേഖയും ഫിറോസ് പുറത്തു വിട്ടു.

മന്ത്രി വി. അബ്ദുറഹ്മാൻ്റെ ബന്ധുക്കളും ഗഫൂർ പി. ലില്ലീസും ആണ് ഭൂമി ഇടപാടിൽ ലാഭമുണ്ടാക്കിയതെന്നും എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിന് ശേഷം പി.കെ.ഫിറോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

"ഇനി ജലീലെന്താണ് പറയുക?
ജലീൽ ഒപ്പുവെച്ച അഴിമതി രേഖയാണ് ഇന്ന് മാധ്യമങ്ങൾക്ക് നൽകിയത്. താഴെപ്പറയുന്ന കാര്യങ്ങൾ കൂടി വായിച്ചാൽ ഈ വിഷയത്തിൽ ഏറെക്കുറെ ഒരു ധാരണകിട്ടും.

1: യുഡിഎഫ് കാലത്ത്, കളക്ടറുടെ നേതൃത്വത്തിൽ നടന്ന ആദ്യ വിലനിർണ്ണയ യോഗത്തിന്റെ മിനുട്സ് എന്നും പറഞ്ഞ് കെ.ടി ജലീൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച രേഖയിൽ പക്ഷേ യോഗത്തിൽ പങ്കെടുത്ത ഭൂവുടമസ്ഥരുടെ പേരില്ല. അന്ന് പങ്കെടുത്തത് ആദ്യത്തെ യഥാർത്ഥ ഭൂവുടമസ്ഥരല്ല. ആയിരുന്നെങ്കിൽ, 170000 രൂപയെന്ന് 'ഉടമകളായ' തങ്ങൾത്തന്നെ വിലയിട്ട സ്ഥലം വെറും നാലായിരം രൂപക്ക് പിന്നീട് വേറൊരാൾക്ക് മറിച്ചുവിൽക്കാൻ അവർക്ക് ഭ്രാന്തുണ്ടോ? കാരണം കുറുവാ സംഘം ഇത് കൈക്കലാക്കുന്നത് ഈ പറഞ്ഞ ആദ്യ യോഗത്തിനു ശേഷമാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാണ്. എന്നുവെച്ചാൽ, ആദ്യയോഗത്തിൽ പങ്കെടുത്തത് ഈ സ്ഥലം കണ്ടുവെച്ച കുറുവാ സംഘം തന്നെയാണ്.

2: എന്നാൽ രണ്ടാമത് പങ്കെടുത്ത വിലനിർണ്ണയ യോഗത്തിന്റെ മിനുട്സിൽ കുറുവാ സംഘത്തിന്റെ പേരുണ്ട്. അപ്പോഴേക്കും സ്ഥലം ഔദ്യോഗികമായി കൈക്കലാക്കി എന്നുസാരം.

3: ഇനി, യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന ജലീലിന്റെ യമണ്ടൻ നുണയാണ് അടുത്തത്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന വിലനിർണ്ണയ ക്രമങ്ങൾ മാത്രമാണ് അന്നുനടന്നത്. തുടർനടപടിയുടെ ഭാഗമായി എന്തെങ്കിലും രേഖ സർക്കാരിന്റെ മുന്നിലേക്കെത്തുന്നത് തന്നെ ഇടതുപക്ഷം അധികാരത്തിൽ വന്നതിന് ശേഷമാണ്.

4: വെട്ടം വില്ലേജിലെ ഭൂമി ഏറ്റെടുക്കാൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകി എന്ന ഒരു ചാനലിൻ്റെ കണ്ടു പിടുത്തം വെറും തമാശയാണ്. വെട്ടം വില്ലേജിലെ തന്നെ മറ്റൊരു ഭൂമിയും ആതവനാട്ടെ 100 ഏക്കർ ഭൂമിയും ഏറ്റെടുക്കുന്നതിന് യു.ഡി.എഫ് സർക്കാർ ജി.ഒ ഇറക്കിയിട്ടുണ്ട്. അതെല്ലാം അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള വെറും നടപടി ക്രമം മാത്രമാണ്. യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് ഒരു ഭൂമിയും ഏറ്റെടുത്തിരുന്നില്ല.

5. ആതവനാട് ഏറ്റെടുക്കാൻ കരുതിയിരുന്ന 100 ഏക്കർ പ്രദേശത്തെ ആളുകളെ കുറുവാസംഘം ചെന്നുകണ്ട് പണം ലഭിക്കില്ലെന്ന് പേടിപ്പിച്ച് അവരെക്കൊണ്ട് സമരം ചെയ്യിച്ചു. എല്ലാവഴിയും മുടക്കിയ കുറുവാ സംഘം കെടി ജലീൽ വഴി തങ്ങളുടെ സ്ഥലത്തേക്ക് തന്നെ സർക്കാരിന്റെ കണ്ണെത്തിച്ചു. ചതി പിന്നീട് തിരിച്ചറിഞ്ഞ ആതവനാട്ടെ ജനങ്ങൾ, ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി ഇവരോട് കൂടി ചർച്ചചെയ്യാൻ സർക്കാറിനോട് നിർദ്ദേശിച്ചു. പക്ഷെ, ജലീൽ അപ്പീൽ പോകാനാണ് തീരുമാനിച്ചത്. ആ തീരുമാനത്തിൽ ഒപ്പ് വെച്ചു. കോടതി നിർദ്ദേശപ്രകാരം അതവനാട്ടെ ജനങ്ങളുമായി എന്തുകൊണ്ട് ചർച്ച ചെയ്തില്ല? കുറുവാ സംഘത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. ജലീലിന്റെ നേരിട്ടുള്ള ഇടപെടലാണിത്.

6: ഏറ്റെടുത്ത സ്ഥലത്ത് ഒരു ആട്ടിൻകൂട് പോലും പണിയാൻ കഴിയാത്ത വിധം പരിസ്ഥിതി നിയമപ്രകാരം നിർമ്മാണ നിരോധനമുള്ള സ്ഥലമെന്ന് നേരത്തെ അറിയാമെന്നിരിക്കേ, ഇതേറ്റെടുത്തത് ആർക്കുവേണ്ടി? ഇടത് സ്ഥാനാർത്ഥികളും മന്ത്രിമാരും എംഎൽഎമാരുമായിരുന്ന ലില്ലീസ് ഗഫൂറിന്റെയും വി.അബ്ദുറഹ്‌മാന്റേയുമൊക്കെ സഹോദരങ്ങളും ബന്ധുക്കളുമടങ്ങുന്ന കുറുവാ സംഘത്തിന്റെ അക്കൗണ്ടിലേക്ക് സർക്കാരിന്റെ അക്കൗണ്ടിൽ നിന്നെത്തിയത് കോടികളാണ്.

7: ഈ സ്ഥലത്ത്, 6 വർഷത്തോളം മുമ്പ്, മുഖ്യമന്ത്രി ഓൺലൈനായി തറക്കല്ലിട്ട സർവ്വകലാശാലയുടെ കെട്ടിടമെവിടെ? സ്ഥലം വെറുതെയായില്ലേ? കോടികൾ പാഴായില്ലേ? ഇനി വില കേറ്റിക്ക എന്ത് മറുപടി പറയും?

ഒന്നും പറയണ്ട. ഇനി ഞങ്ങൾ പറയും. ജനം പറയും. ഈ കുറുവ സംഘത്തിൻ്റെ കയ്യിൽ നിന്നും മുഴുവൻ പണവും തിരിച്ച് പിടിക്കും. ഭൂമിക്കൊള്ളക്ക് നേതൃത്വം നൽകിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി മാത്രമല്ല, പങ്ക് പറ്റിയവരും അഴിയെണ്ണും."

Tags:    
News Summary - Malayalam University; pk firos releases more evidence against Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.