'വളാഞ്ചേരിയിലെ ഗീബൽസ് ഒരു കാര്യമോർക്കണം, ഇത് എ.ഐ കാലമാണ്, നുണ പൊളിയാൻ അധികം സമയംവേണ്ട, ലുട്ടാപ്പി കുന്തത്തിൽ പോവുന്ന പോലെ ഭൂമി വില കുത്തനെ ഉയർത്തിയ ആ ശക്തിമരുന്ന് എന്താണ്..?'; പി.കെ.അബ്ദുറബ്ബ്

മലപ്പുറം: മലയാളം സർവകലാശാല ഭൂമി ഏറ്റെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉയർത്തിയ കെ.ടി.ജലീൽ എം.എൽ.എക്ക് വീണ്ടും മറുപടിയുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ്.

രണ്ടാഴ്ചക്കകം മലയാളം സർവകലാശാലക്ക് സ്ഥലമേറ്റെടുക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ജലീൽ പറയുന്ന 2019 ഫെബ്രുവരി 21ന് പുറത്തിറങ്ങിയ പത്ര റിപ്പോർട്ട് അബ്ദുറബ്ബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 2016ൽ താൻ മന്ത്രിയായ കാലത്ത് സ്ഥലം ഏറ്റെടുത്തുവെന്ന ജലീലിന്റെ ആരോപണങ്ങൾക്ക് ജലീൽ തന്നെ മറുപടി പറയുന്നതാണ് ഈ പത്ര റിപ്പോർട്ടെന്നും അബ്ദുറബ്ബ് പറയുന്നു.

" 2016 ഫെബ്രുവരിയിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഭൂവുടമകൾ വില കൂട്ടി ചോദിച്ചുവെന്നും, ഏറെ സമയത്തെ ചർച്ചകൾക്ക് ശേഷം ഭൂവുടമകളുടെ കൂടെ സമ്മതത്തോടെ കലക്ടർ അന്തിമ തീരുമാനത്തിലെത്തിയെന്നും ജലീൽ ഷെയർ ചെയ്ത മിനുട്ട്സിൽ കാണുന്നു. എന്നാൽ ആ മിനുട്ട്സിൽ ഭൂവുടമകളായി ആരൊക്കെ പങ്കെടുത്തുവെന്ന് ജലീൽ പറയുന്നുമില്ല. 2016 മാർച്ചോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ആ യോഗത്തിന്റെ റിപ്പോർട്ട് അന്നത്തെ കലക്ടർ സംസ്ഥാന സർക്കാറിലേക്ക് സമർപ്പിക്കുന്നത്

2016 ജൂണിലുമാണ്. അപ്പോഴേക്കും കേരളത്തിൽ ഭരണം മാറി എൽ.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്തു. ഞാൻ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോർട്ട് കാണിച്ചാണ് ജലീൽ ഇന്ന് തുള്ളിച്ചാടുന്നത്."-എന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

2016 ഫെബ്രുവരിയിലെ കലക്ടറുടെ വില നിർണയ യോഗത്തിന്റെ മാസങ്ങൾക്കു ശേഷം ഡിസംബറിൽ മലയാളം സർവകലാശാലയുടെ നിർദിഷ്ട ഭൂമി ആരുടെ കൈവശമായിരുന്നു എന്ന് ചോദിച്ച അബ്ദുറബ്ബ്, സർക്കാർ തന്നെ നൽകിയ വിവരാവകാശ രേഖകളുടെ പകർപ്പും പങ്കുവെക്കുന്നു.

"ഈ രേഖയിൽ പറഞ്ഞ ഭൂവുടമകളല്ല 2017 ജൂണിലും കലക്ടർ വിളിച്ച് ചേർത്ത വില നിർണയ യോഗത്തിൽ പങ്കെടുത്തിട്ടുള്ളത് എന്ന് ഇതിന്റെ കൂടെയുള്ള മിനുട്ട്സ് നോക്കിയാൽ മനസ്സിലാവും. 2016 ഡിസംബറിലെ ഭൂവുടമകളിൽ നിന്നല്ല, 2019 ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീൽ മലയാളം സർവകലാശാലക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത് എന്നു വ്യക്തം. ഇതിനിടയിൽ നടന്ന എല്ലാ അവിഹിത ഇടപെടലുകളും, തിരൂർ കേന്ദ്രീകരിച്ച് ഭൂമാഫിയ നടത്തിയ രഹസ്യവും പരസ്യവുമായ എല്ലാ നീക്കങ്ങളും ജലീൽ അറിയാതെയാണോ?"-എന്നും അബ്ദുറബ്ബ് ചോദിക്കുന്നു.

പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഒരു നുണ തെളിയിക്കാൻ ആയിരം നുണ പറയുന്ന വളാഞ്ചേരിയിലെ ഗീബൽസ് ഒരു കാര്യമോർക്കണം, എന്തെങ്കിലും പറഞ്ഞു പോയാൽ അതു സത്യമാണോ, കളവാണോ എന്നറിയാൻ ഏറെ സമയമൊന്നും വേണ്ടി വരാത്ത എ.ഐ കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്.

2016ൽ ഞാൻ മന്ത്രിയായ കാലത്ത് സ്ഥലം ഏറ്റെടുത്തു എന്ന് ജലീൽ പറഞ്ഞ മലയാളം സർവ്വകലാശാലക്ക്, 2019 ഫെബ്രുവരി 21ന് രണ്ടാഴ്ചക്കകം സ്ഥലമേറ്റെടുക്കുമെന്ന് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീൽ തന്നെ പറയുന്ന ഒരു പത്രവാർത്ത; ജലീൽ തന്നെ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതും ഇവിടെ കാണാം.

അതായത് ജലീൽ ഇന്നുയർത്തുന്ന പല ആരോപണങ്ങൾക്കും മറുപടി പറയുന്നത് പഴയ ജലീലും, പഴയ ഫെയ്സ് ബുക്ക് പോസ്റ്റുകളുമാണ്. ജലീലിന് മറുപടി ജലീൽ തന്നെ!

2016 ഫെബ്രുവരിയിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഭൂവുടമകൾ വില കൂട്ടി ചോദിച്ചുവെന്നും, ഏറെ സമയത്തെ ചർച്ചകൾക്ക് ശേഷം ഭൂവുടമകളുടെ കൂടെ സമ്മതത്തോടെ കലക്ടർ അന്തിമ തീരുമാനത്തിലെത്തി, എന്നും ജലീൽ ഷെയർ ചെയ്ത മിനുട്ട്സിൽ കാണുന്നു. എന്നാൽ ആ മിനുട്ട്സിൽ ഭൂവുടമകളായി ആരൊക്കെ പങ്കെടുത്തുവെന്ന് ജലീൽ പറയുന്നുമില്ല.

2016 മാർച്ചോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ആ യോഗത്തിൻ്റെ റിപ്പോർട്ട് അന്നത്തെ കലക്ടർ സംസ്ഥാന സർക്കാറിലേക്ക് സമർപ്പിക്കുന്നത് 2016 ജൂണിലുമാണ്. അപ്പോഴേക്കും കേരളത്തിൽ ഭരണം മാറി LDF അധികാരത്തിൽ വരികയും ചെയ്തു.

ഞാൻ പോലും കാണാത്ത കലക്ടറുടെ ആ റിപ്പോർട്ട് കാണിച്ചാണ് ജലീൽ ഇന്ന് തുള്ളിച്ചാടുന്നത്. എന്നാൽ ജലീൽ ഊറ്റം കൊള്ളുന്ന 2016 ഫെബ്രുവരിയിലെ കലക്ടറുടെ വില നിർണ്ണയ യോഗത്തിൻ്റെ മാസങ്ങൾക്കു ശേഷം; ഡിസംബറിൽ, മലയാളം സർവ്വകലാശാലയുടെ നിർദ്ദിഷ്ട ഭൂമി ആരുടെ കൈവശമായിരുന്നു എന്നതിന് സർക്കാർ തന്നെ നൽകിയ വിവരാവകാശ രേഖകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്..

ഈ രേഖയിൽ പറഞ്ഞ ഭൂവുടമകളല്ല 2017 ജൂണിലും കലക്ടർ വിളിച്ച് ചേർത്ത വില നിർണ്ണയ യോഗത്തിൽ പങ്കെടുത്തിട്ടുള്ളത് എന്ന് ഇതിൻ്റെ കൂടെയുള്ള മിനുട്ട്സ് നോക്കിയാൽ മനസ്സിലാവും. 2016 ഡിസംബറിലെ ഭൂവുടമകളിൽ നിന്നല്ല, 2019 ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീൽ മലയാളം സർവ്വകലാശാലക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത് എന്നു വ്യക്തം. ഇതിനിടയിൽ നടന്ന എല്ലാ അവിഹിത ഇടപെടലുകളും, തിരൂർ കേന്ദ്രീകരിച്ച് ഭൂമാഫിയ നടത്തിയ രഹസ്യവും പരസ്യവുമായ എല്ലാ നീക്കങ്ങളും ജലീൽ അറിയാതെയാണോ? കാരണം കലക്ടർ വിളിക്കുന്ന വില നിർണ്ണയ യോഗങ്ങളിൽ സ്ഥിരം പങ്കെടുത്തിരുന്നവർ ചില്ലറക്കാരല്ല, അവർക്ക് ജലീലിനെയറിയാം, ജലീലിന് അവരെയുമറിയാം..!

ഇതൊന്നും മായമല്ല, മന്ത്രമല്ല, മായാജാലമല്ല.. ഈ അവിഹിത ഇടപെടലുകളൊന്നും പെട്ടന്നുണ്ടായതുമല്ല...! ഇതിനെ ന്യായീകരിക്കാനാണ് ജലീൽ ഇങ്ങനെ നിരന്തരം പത്ര സമ്മേളനങ്ങൾ നടത്തി വെപ്രാളപ്പെടുന്നത്. മായാവിയുടെയും,കുട്ടൂസൻ്റെയും, ശിക്കാരി ശംഭുവിൻ്റെയും കഥ പോലെയല്ല, ചതുപ്പു നിറഞ്ഞ, കണ്ടൽകാടുകൾ നിറഞ്ഞ ഭൂമിയുടെ വില... മുവ്വായിരത്തിൽ നിന്നും... മുപ്പത്തയ്യായിരത്തിൽ നിന്നും... ലുട്ടാപ്പി കുന്തത്തിൽ പോവുന്ന പോലെ കുത്തനെ മേൽപ്പോട്ട്... 160000 ത്തിലെത്തിച്ച ആ ശക്തിമരുന്ന് എന്താണ്?

2016 ഡിസംബറിലെ ഭൂവുടമകളുടെ പേരും, തലയുമൊക്കെ 2019 ആയപ്പോഴേക്കും മാറ്റിയെടുത്ത ആ അത്ഭുത_സിദ്ധി എന്താണ്? പറഞ്ഞിട്ട് പോയാൽ മതി ജലീലേ...!" 

Full View


Tags:    
News Summary - Malayalam University: PK Abdurabb responds to KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.