മലങ്കര സഭാതർക്ക പരിഹാരം; അനുരഞ്ജനത്തിലൂടെ നിയമം നിർമ്മിക്കാനുള്ള സർക്കാർ നീക്കം പാളി

കോലഞ്ചേരി: മലങ്കര സഭാതർക്ക പരിഹാരത്തിന് അനുരഞ്ജനത്തിലൂടെ നിയമം നിർമ്മിക്കാനുള്ള സർക്കാർ നീക്കം പാളി. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളുമായി ചീഫ് സെക്രട്ടറി നടത്തിയ മൂന്നാംവട്ട ചർച്ച അലസി പിരിഞ്ഞതോടെയാണ് സമവായത്തിലൂടെ നിയമനിർമാണമെന്ന സർക്കാർ നീക്കം പാളിയത്. ബുധനാഴ്ച ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ചർച്ചയാണ് അലസിപിരിഞ്ഞത്.

നിയമനിർമാണമെന്ന ആവശ്യത്തിൽ യാക്കോബായ വിഭാഗം ഉറച്ചു നിന്നപ്പോൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രം യോജിപ്പ് എന്ന വാദത്തിൽ ഓർത്തഡോക്സ് വിഭാഗവും ഉറച്ചു നിൽക്കുകയായിരുന്നു. രണ്ടു കൂട്ടരും തങ്ങളുടെ വാദഗതികളിൽ ഉറച്ചു നിന്നതോടെ ചീഫ് സെക്രട്ടറി യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ തന്നെ ചർച്ച കളിൽ നിന്ന് പിൻമാറാനും ഓർത്തഡോക്സ് വിഭാഗം തീരുമാനിക്കുകയും ചെയ്തു.

2017 ജൂലൈ 3ലെ സുപ്രീംകോടതി വിധിയെ തുടർന്ന് മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ രൂപപ്പെട്ട തർക്കവും സംഘർഷവും പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ഔദ്യോഗികമായും അനൗദ്യോഗികമായും നിരവധി ഇടപെടലുകൾ നടത്തിയിരുന്നു. ഇരുവിഭാഗവും തങ്ങളുടെ വാദഗതിയിൽ ഉറച്ചു നിൽക്കുന്നതോടെ ഈ ചർച്ചകൾ ലക്ഷ്യം കണ്ടില്ല. സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ച് ഓർത്തഡോക്സ് വിഭാഗം പള്ളികൾ പിടിച്ചെടുക്കാൻ ആരംഭിച്ചതോടെ ക്രമസമാധാന പ്രശ്നങ്ങൾ പതിവായി.

ഇതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി നിയമ നിർമാണത്തിന് സർക്കാർ നീക്കം ആരംഭിച്ചത്. ഇതിന്‍റെ ആദ്യപടിയായി പൊതു ജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷവും നിർമാണത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. ഇതിന് ശേഷമാണ് ഇരു സഭാ ഭാരവാഹികളുമായി സർക്കാർ നേരിട്ട് ചർച്ച നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരു സഭാ ഭാരവാഹികളുമായി സംയുക്ത ചർച്ച നടത്തിയായിരുന്നു തുടക്കം. തുടർന്ന് ചീഫ് സെക്രട്ടറി ഇരു സഭ പ്രതിനിധികളെ ഒറ്റക്കും സംയുക്തമായും വിളിച്ച് ചർച്ച നടത്തുകയും ചെയ്തു. ഈ ചർച്ചയാണ് കഴിഞ്ഞ ദിവസം അലസി പിരിഞ്ഞത്. പ്രശ്നത്തിൽ ഇനി സർക്കാരിന്‍റെ തുടർ നിലപാട് നിർണായകമാണ്.

Tags:    
News Summary - Malankara Sabha Dispute; The government's move to make the law through reconciliation failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.