മലബാർ വിപ്ലവം: സംഘ്പരിവാർ പ്രചാരണം ഏറ്റുപിടിച്ച് പി.എസ്.സി ചോദ്യപേപ്പർ

മലപ്പുറം: 1921ലെ മലബാർ വിപ്ലവത്തെ അപകീർത്തിപ്പെടുത്താൻ സംഘ്പരിവാർ നടത്തുന്ന പ്രചാരണത്തെ ഏറ്റുപിടിച്ച് പി.എസ്.സി ചോദ്യപേപ്പർ. ഏപ്രിൽ 28ന് പട്ടിക വർഗ ഉദ്യോഗാർഥികൾക്കായി നടത്തിയ എൽ.പി സ്കൂൾ (മലയാളം മീഡിയം) അധ്യാപക പരീക്ഷയിലാണ് വിവാദ ചോദ്യം. 'മലബാർ കലാപത്തെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക' എന്ന നാലാമത്തെ ചോദ്യത്തിന്‍റെ ഭാഗമായാണ് 'ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു' എന്ന വിവാദ പ്രസ്താവനയുള്ളത്. ചോദ്യത്തിന്‍റെ ഭാഗമായുള്ള അഞ്ച് പ്രസ്താവനകളിൽ നാലാമത്തേതാണിത്.

'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറിമാറി വ്യാഖ്യാനിക്കപ്പെട്ടു, മലപ്പുറം ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്നത്, ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിൽ ആരംഭിച്ച സായുധ കലാപം, 1921-22 വർഷങ്ങളിൽ നടന്നു' എന്നിവയാണ് മറ്റ് പ്രസ്താവനകൾ. പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ വിവാദ പ്രസ്താവനയുൾപ്പെടെ എല്ലാം ശരിയാണ് എന്നാണുള്ളത്. ബ്രിട്ടീഷ് സൈന്യവും അവരെ പിന്തുണച്ച സവർണ ജന്മിമാരും പടച്ചുവിട്ട കള്ളമാണ് നിർബന്ധിത മതപരിവർത്തന കഥയെന്ന് വിപ്ലവനായകരിലൊരാളായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അക്കാലത്ത് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം വിശദമാക്കിയുള്ള അദ്ദേഹത്തിന്‍റെ കത്ത് 1921 ഒക്ടോബർ 18ന് 'ദ ഹിന്ദു' പത്രം പ്രസിദ്ധീകരിച്ചിരുന്നു. കത്ത് വ്യാജമാണെന്ന് സംഘ്പരിവാർ വ്യാപക പ്രചാരണം നടത്തിയതോടെ 100 വർഷത്തിന് ശേഷം 'ദ ഹിന്ദു' പത്രം പുനഃപ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സർക്കാറിന്‍റെ പിന്തുണയോടെ മലബാറിലെത്തിയ ഹിന്ദു മഹാസഭ നേതാവ് ഡോ. ബി.എസ്. മൂഞ്ചേയാണ് നിർബന്ധിത മതപരിവർത്തന കഥ ആദ്യഘട്ടത്തിൽ ഉന്നയിച്ച പ്രമുഖരിലൊരാൾ.

ആര്യസമാജത്തിന്‍റെ നേതൃത്വത്തിൽ മതപരിവർത്തനത്തിന് വിധേയരാക്കപ്പെട്ട ഹിന്ദുക്കളുടേതെന്ന പേരിൽ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതിനെ മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജ്യേഷ്ഠപുത്രനും വിപ്ലവകാരിയുമായിരുന്ന സൗമ്യേന്ദ്രനാഥ ടാഗോർ വിമർശിച്ചിരുന്നു. 1921 ഡിസംബറിൽ നടന്ന കോൺഗ്രസിന്‍റെ അഹമ്മദാബാദ് സെഷനും ഈ പ്രചാരണത്തെ തള്ളിയിരുന്നു. 

Tags:    
News Summary - Malabar Revolution: PSC question paper accepting Sangh Parivar campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.