തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കണമെന്ന ഹരജി മദ്രാസ് ഹൈകോടതി തള്ളി

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് തുറക്കണമെന്ന ഹരജി തള്ളി മദ്രാസ് ഹൈകോടതി. പ്ലാന്‍റ് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയിലാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം ശരിവെച്ചുകൊണ്ടുള്ള ഹൈകോടതി നടപടി.

2018 ഏപ്രില്‍ മുതല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു. ഹൈകോടതി വിധിക്കെതിരെ വേദാന്തക്ക് സുപ്രീംകോടതിയിൽ അപ്പീൽ പോകാമെങ്കിലും അതുവരെ ഫാക്ടറി തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന വേദാന്തയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിക്ക് പ്രവർത്താനാനുമതി നൽകിയിട്ടില്ല.

14 പേരുടെ മരണത്തിനിടയാക്കിയ പൊലിസ് നടപടിക്ക് പിന്നാലെ 2018 ഏപ്രിൽ 9 നാണ് പ്ലാന്‍റ് അടച്ചിട്ടത്. പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെക്കുകയായിരുന്നു. പിന്നാലെയാണ് സർക്കാർ പ്ലാന്‍റ് അടച്ച് പൂട്ടാൻ നടപടിയെടുത്തത്.

ഇതിനിടെ പ്ലാന്‍റ് തുറക്കാൻ അനുമതി നൽകിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡാണ് സുപ്രീംകോടതിയെ സമർപ്പിച്ചത്. കമ്പനിയോട് മദ്രാസ് ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് വേദാന്ത മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.