ഫർമാൻ ഖാൻ

ഫർമാൻ ഖാന്‍റെ മുൻകൂർജാമ്യ ഹരജി നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ

കൊച്ചി: കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന മധ്യപ്രദേശിലെ കേസിൽ ഭർത്താവ് ഫർമാൻ ഖാന്‍റെ മുൻകൂർജാമ്യ ഹരജി കേരള ഹൈകോടതിയിൽ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ. ഫർമാൻ ഖാന്‍റെ മുൻകൂർ ഹരജിയെ എതിർത്താണ് മധ്യപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹൈകോടതിയിൽ ഈ വാദമുന്നയിച്ചത്. തുടർന്ന് കേരള ഹൈകോടതിയിൽ ഹരജി നൽകാനുണ്ടായ സാഹചര്യം വ്യക്തമാക്കാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജിക്കാരനോട് നിർദേശിച്ചു. ഹരജി 29ന് പരിഗണിക്കാനായി മാറ്റി. അതുവരെ അറസ്റ്റ് തടഞ്ഞ ഉത്തരവും നീട്ടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് മധ്യപ്രദേശ് പൊലീസിന് നൽകിയ പരാതിയിലാണ് അവിടെ കേസെടുത്തത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും പരാതിയിലുണ്ട്. ഇതിനിടെയാണ് ഫർമാൻ ഖാൻ നൽകിയ മുൻകൂർജാമ്യ ഹരജിയിൽ കേരള ഹൈകോടതി അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളം സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ പ്രണയത്തിലായെന്നും മാർച്ച് 11ന് കേരളത്തിൽ വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. വിവാഹ സർട്ടിഫിക്കറ്റും പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെ ഹരജിക്കൊപ്പം ഹാജരാക്കി. ഹരജിയിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനായി എഫ്.ഐ.ആർ ഹാജരാക്കാനും നിർദേശിച്ചു. ഇതിന് എ.എസ്.ജി സമയം തേടിയതിനെ തുടർന്നാണ് ഹരജി 29ലേക്ക് മാറ്റിയത്.

Tags:    
News Summary - Madhya Pradesh government says Farman Khan's anticipatory bail plea will not stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.