മധു വധം: പതിനൊന്നാം സാക്ഷിയും കൂറുമാറി

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പതിനൊന്നാം സാക്ഷിയും കൂറ് മാറി. കൊല്ലപ്പെട്ട മധുവിന്റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്.

പ്രോസിക്യൂഷൻ വാദത്തെ ഇയാൾ അനുകൂലിച്ചില്ല. മാത്രമല്ല, പൊലീസിന് നേരത്തെ നൽകിയതായി പ്രോസിക്യൂഷൻ ഹാജരാക്കിയ മൊഴികൾ ചന്ദ്രൻ നിരാകരിച്ചു. കൂടാതെ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴി പൊലീസ് പറഞ്ഞ് പഠിപ്പിച്ചതനുസരിച്ച് നൽകിയതാണ്. ഇതൊന്നും താൻ നേരിൽ കണ്ട കാര്യങ്ങളല്ല. മധുവിന്‍റെ ബന്ധുവായ പൊലീസുകാരനൊപ്പമാണ് മൊഴി കൊടുക്കാൻ പോയതെന്നും ചന്ദ്രൻ കോടതിയിൽ പറഞ്ഞു.

മധുവിനെ മർദിക്കുന്നത് കണ്ടിട്ടില്ല. കാണുന്ന സമയത്ത് പരിക്കുകളുള്ളതായി തോന്നിയില്ല. പൊലീസ് മധുവിനെ കൊണ്ടുപോകുന്നത് കണ്ടിരുന്നു. പിന്നീട് ആറ് മണിയോടെയാണ് മധു മരിച്ച വിവരം അറിഞ്ഞതെന്നും ചന്ദ്രൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുത്തിരുന്നെങ്കിലും സമരത്തിന്റെ ആവശ്യമെന്തായിരുന്നെന്ന് ഓർമയില്ലെന്നായിരുന്നു ചന്ദ്രന്‍റെ മൊഴി.

മജിസ്‌ട്രേറ്റിന് നൽകിയ മൊഴി മാറ്റിയതോടെ കേസ് പരിഗണിക്കുന്ന മണ്ണാർക്കാട് പട്ടികജാതി- പട്ടിക വർഗ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ സാക്ഷിയോട് നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കള്ളസാക്ഷി പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. എന്നാൽ പൊലീസ് പറഞ്ഞ് തന്നതനുസരിച്ചാണ് മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകിയതെന്ന കാര്യത്തിൽ ചന്ദ്രൻ ഉറച്ചുനിന്നു.

വ്യാഴാഴ്ച ഇയാളെ മാത്രമാണ് വിചാരണ ചെയ്തത്. ബുധനാഴ്ച കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറ് മാറിയിരുന്നു. മറ്റു സാക്ഷികളുടെ വിചാരണ വെള്ളിയാഴ്ച തുടരും. 12, 13 സാക്ഷികളായ അനിൽകുമാർ, സുരേഷ് എന്നിവരുടെ വിചാരണയാണ് വെള്ളിയാഴ്ച നടക്കുക.

Tags:    
News Summary - Madhu murder: Eleventh witness turns hostile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.