മണ്ണാർക്കാട്: മധു വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. കേസിലെ 17ാം സാക്ഷിയായ ജോളിയെ ആണ് കൂറ് മാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്. ഇതോടെ കേസിൽ ആകെ ഏഴ് സാക്ഷികൾ കൂറുമാറി. മധുവിനെ ഒരുകൂട്ടം ആളുകൾ കാട്ടിൽ നിന്നും കൊണ്ടുവരുന്നത് കണ്ടുവെന്ന സാക്ഷിയാണ് ജോളി. എന്നാൽ താൻ അങ്ങനെ മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു തന്നതനുസരിച്ചാണ് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതെന്നും ജോളി കോടതിയിൽ പറഞ്ഞു.
സാക്ഷി വിസ്താരത്തിന് ഹാജരാകുന്നതിന് മുമ്പ് പൊലീസ് പലതവണ വിളിച്ചത് കൊണ്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും ജോളി പറഞ്ഞു. വിസ്താരം 29ന് തുടരും. പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ സുരേഷിന്‍റെ എതിർ വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഒന്നാം പ്രതി ഹുസൈൻ മധുവിനെ ആക്രമിക്കുന്നത് സ്ഥിരീകരിക്കാനായില്ല. ആ സമയത്ത് പ്രോസിക്യൂഷൻ വാദം അനുസരിച്ച് സാക്ഷി സുരേഷിന്‍റെ സാന്നിധ്യം സംഭവ സ്ഥലത്ത് സമർഥിക്കാനായില്ലെന്നും സുരേഷ് പൊലീസ് പഠിപ്പിച്ചെടുത്ത സാക്ഷിയാണെന്നും പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. 119 സാക്ഷികളാണ് കേസിലുള്ളത്. 29ന് ജോളിയെ കൂടാതെ 18ാം സാക്ഷിയുടെ വിസ്താരവും നടക്കും. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനും പ്രതിഭാഗത്തിനായി അഭിഭാഷകരായ അശോകൻ, ബാബു കാർത്തികേയൻ, ജോൺ ജോൺ, അനിൽ മുഹമ്മദ്, സക്കീർ ഹുസൈൻ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.