മോദിയിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് സി.പി.എം വിട്ട മധു മുല്ലശ്ശേരി; ഡി.വൈ.എഫ്.ഐ നേതാവായ മകനും ബി.ജെ.പിയിൽ

തിരുവനന്തപുരം: സി.പി.എമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ താൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും നാളെ രാവിലെ 10 മണിക്ക് ബി.ജെ.പി ഓഫിസിൽ വെച്ച് അംഗത്വം സ്വീകരിക്കുമെന്നും സി.പി.എം വിട്ട മധു മുല്ലശ്ശേരി. മകനടക്കം നിരവധി പേർ ബി.ജെ.പിയിലേക്ക് എത്തുമെന്നും മധു മാധ്യമങ്ങളോട് പറഞ്ഞു. മധുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ മധുവിനെ ഷാളണിയിച്ച് സ്വീകരിച്ചു.

ഏരിയ സെക്രട്ടറി സ്ഥാനം നൽകിയില്ല എന്നതുകൊണ്ടല്ല സി.പി.എം വിട്ടതെന്നും സ്ഥാനം ലഭിച്ചിരുന്നെങ്കിലും പോകുമായിരുന്നുവെന്നും മധു പറഞ്ഞു.

‘തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഏരിയാ സെക്രട്ടറി ആകണമെന്ന് പോലും തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ, സമ്മേളനം കഴിയുന്നതുവരെ നിൽക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഈ രീതിയിൽ സി.പി.എമ്മിൽ നിന്നുപോകാൻ തനിക്ക് സാധ്യമല്ലെന്ന് ഏറെ നാളുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയതാണ്. നിരവധി പാർട്ടി മെമ്പർമാർ തനിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി മോദിയുടെ വികസന പ്രവർത്തനങ്ങളെ എത്ര കുറ്റപ്പെടുത്തിയാലും ചെറുതാക്കി കാണാൻ സാധ്യമല്ല. വ്യക്തമായ ആലോചനയ്‌ക്ക് ശേഷമാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. പാർട്ടിയിൽ മെമ്പർഷിപ്പ് നാളെ സ്വീകരിക്കും. സംസ്ഥാന കാര്യാലയത്തിൽ എത്തി അധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് പ്രാഥമിക അം​ഗത്വം സ്വീകരിക്കും. സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്നലെവരെ ആരും ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴാണ് സാമ്പത്തിക ആരോപണം ഉടലെടുത്തത്’ -മധു മുല്ലശ്ശേരി പറഞ്ഞു.

മണ്ഡലത്തിൽ സിപിഎമ്മിനും ബിജെപിക്കും 2,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും ചിറയിൻകീഴ് മണ്ഡലത്തിൽ ബിജെപിയുടെ വിജയത്തിനായി പ്രയത്നിക്കുമെന്നും മധു പറഞ്ഞു.

ബിജെപിയുടെ ആദർശത്തോടും പ്രത്യയശാസ്ത്രത്തോടും യോജിച്ചുവരുന്ന ആരെയും ഒപ്പം കൂട്ടുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. മധു മുല്ലശ്ശേരിയുടെ അനുഭവജ്ഞാനം ഈ പ്രദേശത്തെ പ്രവർത്തകർക്ക് ഗുണകരമാകാൻ ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്തും. മധുവിനോട് ആശയപരമായ വിയോജിപ്പ് ഉണ്ടായിരുന്നപ്പോഴും അദ്ദേഹം നടത്തിയ പൊതുപ്രവർത്തനം കാണാതിരിക്കാൻ കഴിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Tags:    
News Summary - Madhu Mullassery says joins bjp attracted by modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.