മഅ്ദനി ആശുപത്രി വിട്ടു; രണ്ടാഴ്ചത്തെ പൂര്‍ണ്ണ വിശ്രമം

ബംഗ്ലൂരു: ഉയര്‍ന്ന രക്തസമ്മര്‍ധവും കഠിനമായ ഛര്‍ദ്ദിയെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ബംഗ്ലുരുവിലെ അല്‍ ഷിഫാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രി വിട്ടു. രണ്ടാഴ്ചത്തെ പരിപൂര്‍ണ്ണ വിശ്രമവും തുടര്‍ചികിത്സകളും ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുണ്ട്.

മഅ്ദനിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എം.ആര്‍.ഐ സ്‌കാന്‍, വിവിധ അവയവങ്ങളുടെ സി.ടി സ്‌കാന്‍, ഹൃദയസംബന്ധമായ പരിശോധനകള്‍, വിവിധ രക്തപരിശോധനകള്‍ തുടങ്ങിയവ നടത്തിയിരിന്നു. 30 വര്‍ഷത്തോളമായി അനിയന്ത്രിതമായി തുടരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആശുപത്രികളിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇടക്കിടെ ക്രമാതീതമായി ഉയരുന്ന രക്തസമ്മര്‍ദ്ധം മൂലം അവയവങ്ങള്‍ക്ക് തകരാറ് സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിശ്രമവും ആയാസരഹിതമായ ജീവിതക്രമവും നിരന്തരമായി കോടതിയില്‍ ദീര്‍ഘസമയം ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വൃക്കകള്‍ക്ക് വീക്കവും കല്ലുകളും പരിശോധനയില്‍ കണ്ടെത്തി. ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറു സംഭവിച്ചത് മൂലം സ്പര്‍ശനശേഷിയില്‍ വര്‍ദ്ധിച്ച കുറവ് സംഭവിച്ചിട്ടുണ്ട്.

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളുടെ സാധ്യത അവസാനിച്ചതിനാല്‍ ഉടന്‍ പ്രോസ്റ്റേറ്റിന് സര്‍ജിറി നടത്തമെന്നും നിര്‍ദേശിച്ചു. കൂടാതെ പെപ്റ്റിക് അള്‍സര്‍, ഡയബറ്റിക് റെറ്റിനോപതി, വൃക്ക സംബന്ധമായ മറ്റ് അസുഖങ്ങള്‍, യൂറിക് ആസിഡ്, ഡിസ്‌ക് പ്രൊലാപ്‌സ് തുടങ്ങിയ അസുഖങ്ങള്‍ നിലവില്‍ മഅ്ദനിയെ അലട്ടുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടരാനും പരിശേധനയില്‍ കണ്ടെത്തിയ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ ക്രമാനുഗതമായി നടത്തണമെന്നും അല്‍-ഷിഫാ ഹോസ്പിറ്റലിലെ വിവിധ മെഡിക്കല്‍ ഡിപാര്‍ട്ടുമെന്‍റുകളിലെ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ചു.

ബംഗ്ലൂരു സ്ഫോടനക്കേസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിചാരണയില്‍ പങ്കെടുക്കാന്‍ നിലവിലുള്ള ആരോഗ്യതസ്ഥിതി അനുവദിക്കാത്തതിനാല്‍ മെഡിക്കല്‍ ഡിസ്ചര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ച് ഇളവ് നേടാന്‍ മഅ്ദനിയുടെ അഭിഭാഷകര്‍ അടുത്ത ദിവസം പ്രത്യേക കോടതിയെ സമീപിക്കും. ഉച്ചയോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ മഅ്ദനി ബംഗ്ലൂരുവില്‍ തന്നെയുള്ള വസതിയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.


Tags:    
News Summary - Madani Discharge From Hospital -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.