തുടർ ഭരണത്തിനായി മുഴുവൻ ശക്തിയും കേ​ന്ദ്രീകരിക്കണമെന്ന് എം.എ. ബേബി

തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു സർക്കാറിന്‍റെ തുടർ ഭരണമുണ്ടാകണമെന്നും അതിനായി മുഴുവൻ ശക്തിയും കേന്ദ്രീകരിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ചുമതല ഏറ്റെടുത്തശേഷം എ.കെ.ജി സെന്ററിലെത്തിയ ബേബി മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു.

കേരളത്തിലെ ഇടതുസർക്കാറിന്റെ സംരക്ഷണത്തിന്‌ ഇന്ത്യയിലെ പാർട്ടി ഒന്നടങ്കം അണിനിരക്കണമെന്നാണ്‌ പാർട്ടി കോൺഗ്രസ്‌ അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന്‌. തുടർഭരണം ഉറപ്പാക്കാൻ കഴിയണം. ഈ വർഷം തദ്ദേശ തെരഞ്ഞെടുപ്പും നടക്കും. ഈ പോരാട്ടങ്ങളിൽ മുഴുവൻ കരുത്തും ഊർജവും വിനിയോഗിക്കണം.

മോദി സർക്കാർ നവ ഫാഷിസ്‌റ്റ്‌ പ്രവണതകൾ അധികമധികം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്​. ഒരു സിനിമക്കുനേരെ ഹീനമായ കടന്നാക്രമണമാണുണ്ടായത്​. രാഷ്ട്രീയമായ വലിയ ആശയങ്ങൾ എന്തെങ്കിലും പ്രചരിപ്പിക്കുന്ന സിനിമയല്ല അത്‌. മറിച്ച്‌, ജനങ്ങളെ വലിയ തോതിൽ ആകർഷിച്ച, ബോക്‌സ്‌ ഓഫിസിൽ വലിയ വിജയമായി മാറിയ, മലയാളത്തിന്റെ അഭിമാന താരങ്ങൾ അഭിനയിച്ച സിനിമയാണ്‌.

അതിൽ ഗുജറാത്തിൽ നടന്ന ഹീനമായ വർഗീയ തേർവാഴ്‌ചയെക്കുറിച്ചും കൂട്ടക്കുരുതിയെ കുറിച്ചും പറയുന്നെന്നതിന്റെ പേരിൽ തുടർ ആക്രമണ പരമ്പരകളാണ്‌ നടക്കുന്നത്‌. ആ സിനിമയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കെതിരെ ഇ.ഡിയുടെ അന്വേഷണ സംഘത്തെ കെട്ടഴിച്ചുവിടുകയാണ്‌. ആർ.എസ്‌.എസിന്റെ പ്രതിനിധികളെ കുത്തിനിറച്ച സെൻസർ ബോർഡ്‌ അനുമതി നൽകിയ സിനിമയാണ്‌ പ്രദർശിപ്പിച്ചത്‌. അല്ലാതെ, ഒളിച്ചുകടത്തി തിയറ്റിൽ കൊണ്ടുവന്നതല്ലെന്നും എം.എ. ​ബേബി കൂട്ടിച്ചേർത്തു.

Tags:    
News Summary - M.A. Baby react to LDF Govt Continuity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.