ശബരിമല സ്വർണക്കൊള്ള: മന്ത്രി ശിവൻകുട്ടിയെ തള്ളി എം.എ.ബേബി, 'സോണിയ ഗാന്ധിക്ക് നേരെ ഞങ്ങളാരും വിരൽചൂണ്ടില്ല'

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശത്തെ പിന്തുണക്കാതെ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി.

സോണിയ ഗാന്ധിക്ക് ഇങ്ങനെയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അവരുടെ അടുത്തേക്ക് പോറ്റിയെ എത്തിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും എം.എ.ബേബി പറഞ്ഞു. സോണിയ ഗാന്ധിക്ക് ഇത്തരം ആളുകളുമായി ബന്ധമുണ്ടെന്ന് ശിവന്‍കുട്ടി പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും തങ്ങളാരും സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടില്ലെന്നും ബേബി പറഞ്ഞു.

'സോണിയ ഗാന്ധിക്ക് ഇങ്ങനെയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ തെറ്റായ ധാരണ അവര്‍ക്കുണ്ടെന്ന് ശിവന്‍കുട്ടി പറയുമെന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍, സോണിയ ഗാന്ധിയെപ്പോലെ ഉയര്‍ന്ന സെക്യൂരിറ്റിയുള്ള ആളുടെ അടുക്കലേക്ക് പോറ്റിയെ എത്തിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. യു.ഡി.എഫ് കണ്‍വീനറാണോ അതോ മറ്റാരെങ്കിലുമാണോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അവര്‍ തയാറാകണം'.- എം.എ. ബേബി പറഞ്ഞു.

വി.എസ്. അച്യുതാനന്ദന് പത്മപുരസ്‌കാരം ലഭിച്ചതിലും സി.പി.എം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. വി.എസ് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ പത്മപുരസ്‌കാരം നിരസിച്ചേനെയെന്നും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കാമെന്നറിയിച്ചപ്പോള്‍ സ്വയം വിസമ്മതിച്ചതാണെന്നും ഇനി തീരുമാനം എടുക്കേണ്ടത് കുടുംബമാണെന്നും എം.എ. ബേബി പറഞ്ഞു.

സോണിയ ഗാന്ധിക്കെതിരെ മന്ത്രി ശിവൻകുട്ടി പറഞ്ഞത്

ശബരിമലയിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയും മോഷണമുതൽ വാങ്ങിയ ആളും സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രം ഇതിന്റെ തെളിവാണ്. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലെ ഒരു ക്രിമിനലിന് പ്രവേശനം ലഭിച്ചത് ആരുടെ ശുപാർശയിലാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടോ എന്ന് പരിശോധിക്കണം. ഇതിന്റെ ഭാഗമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് നിയമപരമായി അത്യാവശ്യമാണ്.

ശബരിമലയിലെ മോഷണ സ്വർണം വിറ്റത് സോണിയ ഗാന്ധി മുൻപ് മത്സരിച്ചിരുന്ന ബെല്ലാരിയിലെ ഒരു കടയിലാണെന്നത് ഗൗരവകരമായ കാര്യമാണ്. ഈ 'ബെല്ലാരി കണക്ഷൻ' ഹവാല ഇടപാടുകളിലേക്കോ സ്വർണക്കടത്തിലേക്കോ വിരൽ ചൂണ്ടുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സോണിയ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിലുള്ള പുരാവസ്തു ബിസിനസുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും, ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ കവറിൽ അടൂർ പ്രകാശിനുള്ള പ്രതിഫലമായിരുന്നോ..? എന്നും മന്ത്രി ചോദിച്ചു.

Tags:    
News Summary - M.A. Baby does not support Minister Sivankutty's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.