തിരുവനന്തപുരം: എം. വിൻെസൻറ് എം.എൽ.എക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ വീട്ടമ്മക്ക് നേരെ നാട്ടുകാരുടെ ചീമുട്ടയേറ്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ നെയ്യാറ്റിൻകര ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പൊലീസ് വാഹനത്തിൽ സ്വന്തം വീട്ടിലെത്തിയ വീട്ടമ്മക്കുനേരെ പരിസരവാസികളായ സ്ത്രീകളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ചീമുട്ടയെറിയുകയായിരുന്നു. ആക്രമിക്കാൻ മുതിർന്ന സ്ത്രീകളടക്കമുള്ളവരെ പൊലീസുകാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയെ പൊലീസ് രാത്രിയോടെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
എം.എൽ.എ നിരപരാധിയാണെന്നും പരാതിക്കാരിയും സഹോദരനും ചേർന്ന് ഒരുക്കിയ കള്ളക്കഥയാണ് അറസ്റ്റിന് പിന്നിലെന്നും ഗൂഢാലോചന നടത്തിയ ഇരുവരും തങ്ങളുടെ പ്രദേശത്ത് താമസിക്കാൻ യോഗ്യരല്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. പരാതിക്കാരിയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും കുത്തിയിരുന്നതോടെ ഇവിടേക്കുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.
ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് എം.എൽ.എയുടെ സഹോദരനും ഡി.സി.സി സെക്രട്ടറിയുമായ വിൻസെൻറ് ഡി. പോൾ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഇതോടെ കൂടുതൽ പൊലീസെത്തി കനത്ത സുരക്ഷ വലയത്തിൽ വീട്ടമ്മയെ വീടിന് പുറത്തിറക്കുകയായിരുന്നു. വീട്ടമ്മയെ കയറ്റിക്കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെയും സ്ത്രീകൾ ചീമുട്ടയെറിഞ്ഞു.
അതേസമയം എം. വിൻസൻറ് എം.എൽ.എ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന പൊലീസിെൻറ റിമാൻഡ് റിപ്പോർട്ട് പുറത്തായി. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 നും നവംബർ 11നും പരാതിക്കാരിയെ വീട്ടിനുള്ളിൽ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇഷ്ടക്കേട് പറഞ്ഞിട്ടും പിന്തുടർന്ന് ശല്യപ്പെടുത്തി. പല ഫോൺ നമ്പറുകളിൽ നിന്നാണ് എം.എൽ.എ വീട്ടമ്മയെ വിളിച്ചത്. വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. എം.എൽ.എയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിെൻറ അപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.