എം. ശിവശങ്കറിന്‍റെ സസ്​പെൻഷൻ പിൻവലിച്ചു; പുതിയ തസ്തിക പിന്നീട്​ തീരുമാനിക്കും; വീണ്ടും നിർണായക പദവിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്​പെൻഷൻ പിൻവലിച്ചു. സസ്​പെൻഷൻ കാലാവധി തീർന്ന ശിവശങ്കറെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിച്ച്​ ചൊവ്വാഴ്ച്ച രാത്രി മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെക്കുകയായിരുന്നു. പുതിയ നിയമനം എവിടെയെന്ന്​ പിന്നീട്​ തീരുമാനിക്കും. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് വൻകിട പദ്ധതികളുടെ മുഖ്യ ആസൂത്രകനായിരുന്ന ശിവശങ്കർ വീണ്ടും നിർണായക പദവിയിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ​ കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറെ 2020 ജൂലൈ 16ന് ഒരുവർഷത്തേക്ക്​ സസ്​പെന്‍ഡ് ചെയ്തത്. കസ്റ്റംസും എൻഫോഴ്സ്​മെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഇതോടെ സസ്​പെഷൻ​ പലഘട്ടങ്ങളിലായി സർക്കാർ നീട്ടി.

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറെ പ്രതിചേർത്തെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞമാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. എന്നാൽ, കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർ‍ഷമായി സസ്​പെൻഷനിലുള്ള ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസ്സമാവില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ സമിതിയുടെ ശിപാർശ. 2023 ജനുവരി വരെ ശിവശങ്കറിന്​ സർവിസുണ്ട്​.

Tags:    
News Summary - M Shivashankar's suspension lifted; The post will be decided later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.