ആഡംബര കാർ വിവാദം: തുടർ പ്രതികരണങ്ങൾ വേണ്ടെന്ന് ഷാജിക്ക് ലീഗ് നിർദേശം

മലപ്പുറം: ആഡംബര കാര്‍ വിവാദത്തില്‍ തുടർ പ്രതികരണങ്ങള്‍ വേണ്ടെന്ന് മന്ത്രി കെ.എം. ഷാജിക്ക് പാർട്ടി നിര്‍ദേശം. പ്രതികരണങ്ങൾ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് നിർദേശം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ കടുത്ത വിമര്‍ശനമുന്നയിച്ച കെ.എം. ഷാജി തന്നെ ആഡംബര വാഹനം ഔദ്യോഗിക വാഹനമാക്കി ഉപയോഗിച്ചതിനെതിരെ മുസ്‍ലിം ലീഗിന്റെ ആഭ്യന്തര യോഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാര്‍ത്തസമ്മേളനത്തോടുകൂടി വിവാദം അവസാനിപ്പിക്കണമെന്ന് ലീഗ് നേതൃത്വം കെ.എം. ഷാജിക്ക് നിര്‍ദേശം നല്‍കിയത്.

ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണ നീക്കുന്ന വിധത്തിലായായിരിക്കണം വാര്‍ത്തസമ്മേളനമെന്നും പാർട്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കെ.എം. ഷാജിയുടെ വാര്‍ത്തസമ്മേളനത്തിലൂടെ തെറ്റിദ്ധാരണ നീക്കാനായില്ലെന്ന് മാത്രമല്ല, പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് ലീഗ് നേതൃത്വം താക്കീത് നല്‍കിയത്. ഈ സാഹചര്യത്തിലാണ് വേങ്ങര എ.ആര്‍ നഗറില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ മന്ത്രി വിശദീകരണം മയപ്പെടുത്തിയത്. രാജ്യത്തെ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും വേറെ ആരെയും ബോധ്യപ്പെടുത്തിയില്ലെങ്കിലും ജനങ്ങളോട് പറയാന്‍ ബാധ്യതയുണ്ടെന്നുമാണ് കെ.എം. ഷാജി വിശദീകരിച്ചത്.

എം.എൽ.എമാർക്കും ജനപ്രതിനിധികൾക്കും ആവശ്യമായ നിർദേശങ്ങൾ പാർട്ടി നൽകിയിരുന്നെന്നും വീഴ്ചയുണ്ടെന്ന് പാർട്ടിക്ക് ബോധ്യപ്പെടുമ്പോൾ വിശദീകരണം ചോദിച്ചിരുന്നെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Tags:    
News Summary - Luxury car controversy: League directs Shaji to refrain from further comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.