‘ചെങ്കൊടിക്കുതിപ്പ്...’; തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സർക്കാറിന്‍റെ നയവൈകല്യങ്ങളോടുള്ള പ്രതിഷേധമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രകടനത്തെ ചെങ്കൊടിക്കുതിപ്പെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളിൽ തന്നെ പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്‍റെ വിനാശമാണ് ഈ സർക്കാറിന്‍റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഏഴുസീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു. പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നെന്നും ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും പിണറായി പറയുന്നു. സാമൂഹികക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാൾമാരുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കുന്നതിൽ പോലും പരാജയപ്പെട്ടു. വൻകിട കോർപറേറ്റുകൾക്കും മദ്യലോബിക്കും സൗജന്യങ്ങൾ നൽകലും സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരുമായി സർക്കാർ അധഃപതിക്കുകയാണ്. അനുദിനം സർക്കാറിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളിൽ ഇക്കുറി എൽ.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചെന്നും കുറിപ്പിൽ വ്യക്തമാക്കി.

യുഡിഎഫ് സർക്കാറിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നൽകിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളിൽ തളരാതെ, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേർക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങൾ.

യുഡിഎഫ് സർക്കാറിന്‍റെ ജന വിരുദ്ധ നയങ്ങൾക്കെതിരായി ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി കുറിപ്പിൽ പറയുന്നു. യു.ഡി.എഫ് 18 വാര്‍ഡുകളിലും എല്‍.ഡി.എഫ് 16 വാര്‍ഡിലും സ്വതന്ത്രര്‍ നാലുവാര്‍ഡുകളിലുമാണ് വിജയിച്ചത്.

കുറിപ്പിന്‍റെ പൂർണരൂപം;

അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളിൽ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. വിസ്മയമല്ല കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിൻ്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാൾമാരുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കുന്നതിൽ പോലും പരാജയപ്പെട്ടു.

വൻകിട കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും സൗജന്യങ്ങൾ നൽകലും, സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരുമായി സർക്കാർ അധഃപതിക്കുകയാണ്. അനുദിനം സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളിൽ ഇക്കുറി എൽഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

യുഡിഎഫിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകൾ പിടിച്ചെടുക്കാൻ എൽഡിഎഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ, ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് വാർഡ്‌ എന്നിങ്ങനെ യുഡിഎഫ് എംഎൽഎമാർ ജയിച്ച ഇടങ്ങളിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂർ, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം, എംഎൽമാർ ജയിച്ചിരുന്ന വാർഡുകളിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് എംഎൽഎ 2273 വോട്ടിന് ജയിച്ച വാർഡിൽ യുഡിഎഫിൻ്റെ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ യുഡിഎഫിന് മൂന്നു സീറ്റുകൾ നഷ്ടമായി. പാലക്കാട്‌ ജില്ലയിലെ ഏഴു സീറ്റിൽ അഞ്ചെണ്ണം വിജയിക്കാൻ എൽഡിഎഫിനു കഴിഞ്ഞു. കല്ലറ ഡിവിഷനിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 5,683-ൽ നിന്ന് 3,019 ആയി കുറഞ്ഞു. ബി.ജെ.പിയുടെ 4,155 വോട്ടുകൾ കുറഞ്ഞത് അവർക്ക് ലഭിച്ചതിനാലാണ് സീറ്റ് നിലനിർത്താൻ ആയത്.

കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫിന് വിജയിക്കാനായി. ഇതിൽ ഒരു സീറ്റ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളിൽ രണ്ടു സീറ്റ് വീതം യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു.

യുഡിഎഫ് സർക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നൽകിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളിൽ തളരാതെ, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേർക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങൾ.

വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ തിളക്കമാർന്ന വിജയം ഉറപ്പാക്കാൻ രാപ്പകൽ പ്രയത്നിച്ച എൽഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. ഈ ജനവിശ്വാസം കൂടുതൽ കരുത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് വലിയ ഊർജ്ജം പകരും. യുഡിഎഫ് സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരായി ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

Full View

Full View
Tags:    
News Summary - Election results are a protest against the policy failures of the UDF government -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.