സൗദി അംബാസിഡർ ഹയ്‌സം ബിൻ ഹസൻ മാലികിയുമായി കെ.എൻ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി കൂടിക്കാഴ്ച നടത്തുന്നു

സൗദി അറേബ്യക്ക് ഐക്യദാർഢ്യവുമായി കെ.എൻ.എം

ന്യൂഡൽഹി: സൗദി അറേബ്യക്ക് നേരെ ഹൂതി വിമതർ നടത്തുന്ന നിരന്തര ആക്രമണങ്ങളെ അപലപിച്ച് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി. വിശുദ്ധ മക്കക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ഡ്രോണാക്രമണം അങ്ങേയറ്റം ഭീരുത്വം നിറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചും സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസിന് അദ്ദേഹം കത്തയച്ചു.

ഇതിന്റെ ഭാഗമായി, ഡൽഹിയിലെ സൗദി എംബസിയിൽ വെച്ച് അംബാസഡർ ഹയ്സം ബിൻ ഹസൻ മാലിക്കുമായാണ് കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് അംബാസഡർക്ക് കെ.എൻ.എമ്മിന്റെ ഐക്യദാർഢ്യക്കത്ത് കൈമാറി.

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മക്കയിലെത്തുന്ന നിരപരാധികളെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.എൻ.എം നേതൃത്വം ചൂണ്ടിക്കാട്ടി. ഇരു ഹറമുകളുടെയും സമാധാനവും നിർഭയത്വവും ഉറപ്പുവരുത്താൻ അയൽരാജ്യങ്ങൾക്ക് ബാധ്യതയുണ്ട്. സൗദി അറേബ്യ പിന്തുടരുന്ന മധ്യമ നിലപാടിന്റെ പേരിൽ സാധാരണക്കാരെ ലക്ഷ്യം വക്കുന്നത് കടുത്ത അപരാധമാണ്. അതിവൈകാരികതക്ക് തീ കൊളുത്തി മുസ്‌ലിം സമുദായത്തിൽ പ്രശ്നങ്ങൾക്ക് ഇന്ധനം നൽകുന്നത് അപഹാസ്യമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. മുസ്‌ലിം ലോകത്തിന്റെ വിശുദ്ധ കേന്ദ്രമായ മക്കയെ ആക്രമിക്കുന്നത് അങ്ങേയറ്റം അതിരുവിട്ട ദുഷ്ചെയ്തിയാണെന്നും, മക്കക്ക് നേരെ നടന്ന ആക്രമണത്തിൽ ശക്തമായി പ്രതിഷേധിച്ച അറബ്, ഇസ്‌ലാമിക ലോകത്തിന്റെ നിലപാട് ഏറെ പ്രശംസനീയമാണെന്നും കെ.എൻ.എം പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച സൗദിയിലെ മക്കയിലും മദീനയിലും നടന്ന ജുമുഅ നമസ്കാര വേളയിൽ ഹൂതി ആക്രമണത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിനെതിരെയുള്ള അമർഷവും വിശ്വാസികളെ ബോധ്യപ്പെടുത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്കും ഉംറ തീർത്ഥാടകർക്കും സൗദി ഭരണകൂടം നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും സൗദിയുടെ ദീർഘവീക്ഷണവും വിവേകവും മുസ്‌ലിം ലോകത്തിന് മാതൃകയാണെന്നും കെ.എൻ.എം പ്രശംസിച്ചു. മധ്യപൗരസ്ത്യ ദേശത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ കൂട്ടായ പ്രയത്‌നങ്ങൾ അനിവാര്യമാണെന്നും, ഈ രംഗത്ത് സൗദി അറേബ്യ നിർണായക പങ്ക് വഹിക്കണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു. 

Tags:    
News Summary - KNM Expresses Solidarity with Saudi Arabia, Condemns Houthi Attacks on Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.