തൃശ്ശൂർ: പൂരം പ്രദര്‍ശനോദ്ഘാടനവേദിയെ ചൂടുപിടിപ്പിച്ച് പാചകവാതക പ്രതിസന്ധി. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി ഇടപെടണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ആവശ്യപ്പെട്ടതും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പ്രതിസന്ധിയുടെ വ്യാപ്തി വിവരിച്ചതും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പ്രകോപിതനാക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞിട്ടും വേദിയിൽ ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രനും തർക്കമുണ്ടാവുകയും ചെയ്തു. പശ്ചിമേഷ്യയിൽ ഭീതി പടർത്തുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ പ്രാർഥനയർപ്പിച്ചായിരുന്നു ഉദ്ഘാടകനായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിപ്രസംഗം അവസാനിപ്പിച്ചത്. തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ പാചക വാതക പ്രതിസന്ധിക്ക് പരിഹാരം വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ്‌ഗോപി പരിഹാരം കാണണമെന്നുമായിരുന്നു രവീന്ദ്രന്‍റെ ആവശ്യം. പ്രതിസന്ധിമൂലം തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങൾ അന്നദാനം മുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇതുകേട്ടതോടെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ഇടപെട്ടു. പാറമേക്കാവ് ക്ഷേത്രാവശ്യങ്ങൾക്ക് 40 പാചകവാതക സിലിൻഡറും പാറമേക്കാവ് ശാന്തിഘട്ടിലെ സംസ്‌കാരച്ചടങ്ങുകൾക്കായി ദിവസേന 10 വീതം സിലിൻഡറും നൽകാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി അദ്ദേഹം പറഞ്ഞു. പൂരം പ്രദർശനത്തിന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്റ്റാളുകളുമായി എത്തുന്നവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് ദിവസേന 10 സിലിൻഡറുകൾ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും രാജേഷ് കൂട്ടിച്ചേർത്തു. തുടർന്ന് സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനും പാചകവാകത പ്രതിസന്ധിയിയിരുന്നു ഉയർത്തിക്കാട്ടാനുണ്ടായിരുന്നത്. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് അടുപ്പുകൂട്ടി ആഹാരം പാകംചെയ്യുകയെന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നുമായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.
ഇതിന് പിന്നാലെ സുരേഷ്‌ഗോപി മൈക്ക് കൈയിലെടുത്തു. പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യ പ്രതികരണം.പ്രതിസന്ധി വിഷയത്തിൽ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഹോട്ടൽ, കമ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ പാചകവാതകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നമ്മളല്ല, പശ്ചിമേഷ്യയിൽ യുദ്ധം അഴിച്ചുവിട്ടത്. മുൻവർഷങ്ങളിൽ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്.
അന്നൊന്നും പ്രധാനമന്ത്രിയെയും ഭരണത്തെയും ആരും കുറ്റം പറഞ്ഞിരുന്നില്ല. 'സാമ്രാജ്യം' എന്ന വാക്കുപയോഗിച്ച് മനോനില കെടുത്താമെന്ന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും വിചാരിക്കേണ്ടാ. അതിലൂടെ നിങ്ങളുടെ നാശത്തിന് ചിതയൊരുങ്ങുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താനിങ്ങനെയൊന്നും സംസാരിക്കുന്നയാളല്ല. സങ്കടംകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളും മുഖ്യമന്ത്രിയെ ഏൽപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. ഇനിയും വീഴ്ചകളുണ്ടെങ്കിൽ അതു മുഖ്യമന്ത്രിയുടെയും 14 കളക്ടർമാരുടെയും വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃപ്രയാറിൽ പാചകവാതകം ഇല്ലെങ്കിൽ, ക്ഷേത്രം പ്രതിനിധികൾ കളക്ടറെ അറിയിക്കണമായിരുന്നു. ഇത്തരം സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ചില സഹകരണങ്ങൾ വേണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പൂരം കലക്കിയതുപോലെ ഗ്യാസും കലക്കാൻ ശ്രമമുണ്ടായി. അത് താനിടപെട്ട് പരിഹരിച്ചുവെന്നും സുരേഷ്‌ഗോപി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.