തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ നിയമന ഉത്തരവ് ലഭിക്കാതെ പ്രതിസന്ധിയിൽ.
2025 മേയ് 31ന് ജില്ലാടിസ്ഥാനത്തിൽ പുറത്തിറങ്ങിയിട്ടുള്ള റാങ്ക് ലിസ്റ്റുകളിൽ എട്ട് ജില്ലകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. 14 ജില്ലകളിലായി 6,247 പേരാണ് എൽ.പി.എസ്.ടി മെയിൻ ലിസ്റ്റിലുള്ളത്. എറണാകുളം, പത്തനംതിട്ട, തൃശൂർ, കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിൽ മാത്രമാണ് പേരിന് മാത്രമെങ്കിലും നിയമനമുണ്ടായത്. ഈ ആറ് ജില്ലകളിൽ നിന്നുമായി 54 പേർക്കാണ് നിയമനമായത്. കൂടുതൽ നിയമനങ്ങൾ കോട്ടയം ജില്ലയിലാണ്-17 .
തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നിയമന ശിപാർശ പി.എസ്.സി അയച്ചിട്ടുണ്ടെങ്കിലും ഈ വർഷം ഒഴിവുകൾ ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിലുള്ള 12 പേർക്ക് പി.എസ്.സി ഇത്തരത്തിൽ നിയമന ശിപാർശ നൽകിയിരുന്നെങ്കിലും അവർക്കും നിയമന ഉത്തരവ് നൽകാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഓരോ ജില്ലയിലും 50ലധികം ഡിവിഷൻ ഫോളുകൾ ഈ അധ്യയന വർഷത്തിൽ വന്നതാണ് നിയമന പ്രതിസന്ധിക്ക് കാരണം. ആധാർ അടിസ്ഥാനത്തിൽ തലയെണ്ണൽ നടത്തിയതാണ് ഡിവിഷൻ ഫോളിന് കാരണം.
ആധാറിന് പകരം ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന ഉത്തരവുണ്ടെങ്കിലും നടപ്പായില്ല. സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒന്നാം ക്ലാസ് കുട്ടികളിൽ വലിയൊരു വിഭാഗത്തിനും ആധാർ ഇല്ലാത്തവരാണ്. സ്കൂൾ പ്രവേശനത്തിനെത്തിയപ്പോഴാണ് ആധാർ വേണമെന്ന കാര്യം അറിയുന്നത്.
ഡിവിഷൻ ഫോൾ വന്ന പല സ്കൂളുകളിലും കുട്ടികളുണ്ടെങ്കിലും അധ്യാപക തസ്തികയില്ലാത്ത സാഹചര്യമാണ്. മതിയായ നിയമനം നടത്താതിനെ തുടർന്ന് എൽ.പി സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് അധ്യാപനത്തോടൊപ്പം ഓഫീസ് ജോലികളും മറ്റുചുമതലകളും ഏറ്റെടുക്കേണ്ടിവരുന്നതിനാൽ ക്ലാസുകൾ കൃത്യമായി കൈകാര്യം ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. ഒരു ക്ലാസിന്റെ പൂർണ ചുമതല പ്രഥമാധ്യാപകനാണ്. നിലവിലെ സാഹചര്യത്തിൽ പ്രഥമാധ്യാപകർക്ക് മറ്റുജോലികൾ ചെയ്യേണ്ടതിനാൽ ക്ലാസിൽ പൂർണ സേവനം ലഭിക്കാതെ വരും. മുമ്പ് ഒരു അധിക അധ്യാപകനെ അനുവദിച്ചിരുന്നെങ്കിലും ഇപ്പോഴതില്ല. ജോലിഭാരത്താൽ പ്രഥമാധ്യാപകരും വലയുകയാണ്.
ഇതിനുപരിഹാരമായി ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും പ്രധാനാധ്യാപകർക്ക് ക്ലാസ് ചാർജ് ഒഴിവാക്കിയ രീതി പ്രൈമറിതലത്തിലും നടപ്പാക്കണമെന്നും പകരമായി പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്നും നിയമിക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.