സുബൈർ വധം; ഗൂഢാലോചനയടക്കം കണ്ടെത്താനേറെ

പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഢാലോചനയിലേക്ക് പൊലീസിന് എത്താനായില്ല.

പ്രതികളെ ചിറ്റൂർ സബ് ജയിലിൽ പ്രത്യേകം മുറികളിലായാണ് റിമാൻഡിൽ പാർപ്പിച്ചിട്ടുള്ളത്.

തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വ്യാഴാഴ്ച പാലക്കാട്‌ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നിൽ പൊലീസ് നൽകി. തിരിച്ചറിയൽ പരേഡിന് ശേഷമേ കസ്റ്റഡി അപേക്ഷ നൽകൂ. ഇവരെ കസ്റ്റഡിയിൽ വാങ്ങിയശേഷം രണ്ടാംഘട്ട തെളിവെടുപ്പടക്കമുള്ള നടപടികൾ പൂർത്തിയാക്കണം.

വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാവൂ. മലമ്പുഴ ജില്ല ജയിലിലും ഒറ്റപ്പാലം സബ് ജയിലിലും സുരക്ഷ ഭീഷണിയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ ചിറ്റൂർ സബ് ജയിലിലേക്ക് മാറ്റിയത്.

അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് പോപുലർ ഫ്രണ്ട്

പാലക്കാട്: സുബൈർ വധവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ആർ.എസ്.എസിന്‍റെ തിരക്കഥക്കനുസരിച്ചാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീർ.

മാസങ്ങളോളം ആസൂത്രണം ചെയ്ത കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചനയടക്കം സംശയിക്കേണ്ടിടത്ത് മൂന്ന് ആളുകളും നാല് വാളുകളും എന്ന രീതിയിൽ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.

സി.സി.ടി.വി ദൃശ്യങ്ങളടക്കം അടിസ്ഥാനമാക്കി ശാസ്ത്രീയമായി അന്വേഷിക്കണം. ആയുധം നൽകിയവരെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.

കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടും ചോദ്യം ചെയ്യാൻ തയാറായില്ല. വധത്തിൽ ആർ.എസ്.എസിന്‍റെ ഉന്നതതല ഗൂഢാലോചനയുണ്ട്. കെ. സുരേന്ദ്രൻ സുബൈർ വധത്തിന്‍റെ രണ്ടുദിവസം മുമ്പ് ജില്ലയിലെത്തിയത് പൊലീസ് അന്വേഷിക്കണം. ശ്രീനിവാസന്‍റെ വധത്തിൽ പോപുലർ ഫ്രണ്ടിന് പങ്കില്ലെന്നും സി.പി. മുഹമ്മദ് ബഷീർ പറഞ്ഞു.

Tags:    
News Summary - Lots to find including conspiracy in Zubair murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.