വടകര: ചോറോട് കാറിടിച്ച് ഒമ്പതു വയസ്സുകാരി കോമയിലാവുകയും വയോധിക മരിക്കുകയുംചെയ്ത കേസിലെ പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അപകട ശേഷം വാഹനം നിർത്താതെ പോയ സംഭവത്തിലെ പ്രതിയായ കാർ ഉടമ പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെതിരെയാണ് (35) ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് ഇറക്കിയത്. വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം തള്ളിയത്.
സ്‌റ്റേഷനില്‍നിന്നു ജാമ്യംകിട്ടാവുന്ന കേസില്‍ എന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടിയതെന്ന ചോദ്യമാണ് കോടതി പ്രതിഭാഗത്തോട് ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയാണ് പ്രതിക്കു മുന്നിലുള്ള മാര്‍ഗം. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പ്രതി പിടിയിലാവും.
വാഹനമിടിച്ച്, തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലാണ് ഷെജീലിനെ അപകടത്തിന് ഒമ്പതു മാസങ്ങൾക്കുശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.