ദീർഘദൂര റൂട്ടുകൾ:പകരം ബസ് ഇറക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്കും വീഴ്ച

തിരുവനന്തപുരം: ദീർഘദൂര സർവിസുകൾ ഓടിക്കുന്നതിനുള്ള 'ഫ്ലീറ്റ് ഓണർ' പദവി കെ.എസ്.ആർ.ടി.സിക്ക് മാത്രമാണെങ്കിലും കോടതി വിധി പ്രകാരം സ്വകാര്യബസുകൾ പിന്മാറുന്ന ദീർഘദൂര റൂട്ടുകളിൽ പകരം ബസ് ഇറക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നത് വലിയ വീഴ്ച. ഏറെക്കാലത്തെ നിയമയുദ്ധത്തിന് ശേഷമാണ് സ്വകാര്യ ബസുകളുടെ കൈവശമുണ്ടായിരുന്ന റൂട്ടുകൾ കെ.എസ്.ആർ.ടി.സിക്ക് വന്നുചേർന്നത്. സ്വകാര്യ ബസുകൾ പെർമിറ്റ് ഏറ്റെടുക്കേണ്ടിവന്ന സമയങ്ങളിലൊക്കെ ആവശ്യത്തിന് ബസില്ലെന്ന് പറഞ്ഞ് പിന്മാറിയ അനുഭവവും കെ.എസ്.ആർ.ടി.സിക്കുണ്ട്.

പുതിയ ബസ് ഇല്ലാത്തതിനാൽ കൈവശമുള്ള പഴയ ബസ് കൊണ്ട് യാത്രാക്ലേശം പരിഹരിക്കാനാകും ശ്രമം. മറ്റെവിടെയെങ്കിലും ഓടുന്ന ബസാകും തൽക്കാലത്തേക്ക് ഈ റൂട്ടുകളിൽ വിന്യസിക്കുക. ദിവസങ്ങൾക്കകം ഇവ പിൻവലിക്കും. ഈ സാഹചര്യം മുതലാക്കിയാണ് സ്വകാര്യബസുകൾ വീണ്ടും സർക്കാറിനെ സമീപിച്ച് പെർമിറ്റ് പുതുക്കിയെടുക്കുന്നത്.

സ്വകാര്യ പെർമിറ്റ് റദ്ദാക്കി പകരം കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട ചുമതല മോട്ടോർ വാഹന വകുപ്പിനാണ്. കെ.എസ്.ആർ.ടി.സി സി.എം.ഡിയും ഗതാഗത സെക്രട്ടറിയും ഒരാളായതിനാൽ നടപടി വേഗത്തിലാകേണ്ടതാണ്.

എന്നാൽ, ഈ അനുകൂല സാഹചര്യം പോലും ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നതാണ് ദുര്യോഗം. ദീർഘദൂര സർവിസുകളാണ് കെ.എസ്.ആർ.ടി.സിക്ക് വരുമാനത്തിൽ പ്രധാന പങ്കും. കെ.എസ്.ആർ.ടി.സിയുടെ നിലവിലെ റൂട്ടുകൾ ദീർഘദൂര സർവിസ് ഓപറേറ്റ് ചെയ്യാൻ സ്വിഫ്റ്റിന് കൈമാറിയെങ്കിലും പുതിയ റൂട്ടുകളിൽ ബസിറക്കാൻ അവർക്കും കഴിയുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും വരുമാനക്കുറവിനെ കുറിച്ചും പരാതി പറയുമ്പോഴും സാധ്യതകൾ ഉപയോഗപ്പെടുത്താനാകുന്നില്ലെന്നതാണ് വെല്ലുവിളി.

ഗ്രാമീണ റൂട്ടുകളിലെ നല്ലൊരു ശതമാനം സർവിസുകളിൽനിന്ന് കെ.എസ്.ആർ.ടി.സി പിന്മാറിയ നിലയാണ്. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ നടത്തിയിരുന്നു സ്റ്റേ സർവിസുകളും നിർത്തി. 

Tags:    
News Summary - Long Distance Routes: Instead of alighting the bus KSRTC also failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.