ലോകായുക്ത ഓര്‍ഡിനന്‍സ്: മുഖ്യമന്ത്രിയെയും മന്ത്രി ആർ. ബിന്ദുവിനെയും രക്ഷിക്കാനെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: 22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി നടത്താനുള്ള തീരുമാനം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫെബ്രുവരി ആദ്യ വാരം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകള്‍ ലോകായുക്തക്ക് മുന്നില്‍ വരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കേസ് വന്നപ്പോള്‍ മാത്രമാണ് 22 വര്‍ഷമായി സി.പി.എം പറയാത്ത ലോകായുക്ത നിയമത്തിലെ ഭരണഘടനാ വിരുദ്ധത പറയുന്നത്. നിയമസഭ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ ഒരു വകുപ്പ് 22 വര്‍ഷത്തിനു ശേഷം പിന്‍വാതിലിലൂടെ കൊണ്ടു വരാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇടതു മുന്നണിയിലെ തന്നെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രന്‍ ഓര്‍ഡിനന്‍സിന് പിന്നിലെ ദുരൂഹത വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്ണന്‍ കാനത്തിന് മറുപടി നല്‍കട്ടേ. സെക്രട്ടറിമാര്‍ തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലോ ഇടതു മുന്നണിയിലോ കാബനറ്റിലോ ചര്‍ച്ച ചെയ്യാതെ സി.പി.എമ്മിന്‍റെ അടിസ്ഥാന നയത്തിന് വിരുദ്ധമായ രീതിയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്. ഫെബ്രുവരിയില്‍ കേസ് പരിഗണിക്കുന്നു എന്നതു മാത്രമാണ് ഓര്‍ഡിനന്‍സിന് കാരണം. കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം വെറും ന്യായീകരണം മാത്രമാണ്. ലേഖനത്തില്‍ പറയുന്ന ഒരു കാര്യങ്ങള്‍ക്കും നിയമപരമായ അടിത്തറയില്ല.

ഒരു ജുഡീഷ്യല്‍ പ്രക്രിയയിലൂടെ നല്‍കുന്ന റിപ്പോര്‍ട്ട് മന്ത്രിമാരെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് നിയമപരമായ പ്രശ്‌നമാണ്. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഭരണഘടനാപരമായ കാര്യങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. നിയമ മന്ത്രി ഉയര്‍ത്തുന്ന പ്രതിരോധങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറയാനുള്ള അധികാരം കോടതികള്‍ക്കു മാത്രമെയുള്ളൂ. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമമെന്നു പറയാനുള്ള അധികാരം മന്ത്രിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോടിയേരിയും നിയമ മന്ത്രിയും ഭരണഘടനാ വിരുദ്ധമാണെന്നു പറയുകയാണ്. നിയമം ഭരണഘാടനാ വിരുദ്ധമെന്നു കോടതി പറഞ്ഞാല്‍ പ്രതിപക്ഷവും അംഗീകരിക്കാം. 2019ല്‍ ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായ ആണ് ലോകായുക്തയെന്നാണ് പിണറായി വിജയന്‍ അഭിമാനം കൊണ്ടത്. തനിക്കെതിരെ കേസ് വന്നപ്പോള്‍ പല്ലും നഖവും പഴുതെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ ഭരണം കിട്ടിയതിന്റെ അഹങ്കാരത്തുലും ധാര്‍ഷ്ട്യത്തിലും എന്തും ചെയ്യാമെന്ന പ്രഖ്യാപനമാണ് നിയമ ഭേദഗതിയെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

1999ല്‍ ലോകായുക്ത നിയമം പാസാക്കിയപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടിട്ടുണ്ട്. അത്തരമൊരു നിയമത്തില്‍ കാതലായ ഭേദഗതി വരുത്തുമ്പോള്‍ അതും രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണം. 2013ല്‍ ലോക്പാല്‍ പാര്‍ലമെന്‍റ് പാസാക്കിയിട്ടുണ്ട്. ആ നിയമത്തിന് അനുബന്ധമായ ലോകായുക്ത നിയമത്തിന് ഭേദഗതി കൊണ്ടു വരുമ്പോള്‍ അത് കേന്ദ്ര നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടത് രാഷ്ട്രപതിയാണ്. കണ്‍കറന്‍റ് ലിസ്റ്റില്‍ പെട്ട വിഷയമായതിനാലും രാഷ്ട്രപതിയുടെ അനുമതി വേണ്ടി വരും. ഇക്കാര്യങ്ങള്‍ യു.ഡി.എഫ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കവികളെയും സാംസ്‌കാരിക- പരിസ്ഥിതി പ്രവര്‍ത്തകരെയും സി.പി.എം സൈബര്‍ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സില്‍വര്‍ ലൈനിന് എതിരായി നിലപാടെടുത്ത ഇടത് ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരകളായിരിക്കുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് സൈബര്‍ ഗുണ്ടായിസം. സി.പി.എം നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേരളത്തില്‍ അപമാനിക്കപ്പെടുന്നത്. അവരുടെ കുടുംബകാര്യങ്ങള്‍ വരെ പുറത്തുകൊണ്ട് വ്യക്തിപരമായി ആക്രമിച്ച് സര്‍ക്കാറിനെതിരായ നിലപാടില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് നടക്കുന്നത്. ഗൗരി ലങ്കേഷിനെ കൊല ചെയ്ത സംഘ്പരിവാറും സാംസ്‌കാരിക പ്രവര്‍ത്തകരെ വളഞ്ഞിട്ടാക്രമിച്ച് കൊല്ലാക്കൊല ചെയ്യുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? രണ്ടും ഒരേ സമീപനമല്ലേ സ്വീകരിക്കുന്നത്.

റഫീക് അഹമ്മദ്, എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ് തുടങ്ങി പരിസ്ഥിതി പ്രവര്‍ത്തകരും കവികളും ഉള്‍പ്പെടെ എല്ലാവരും ആക്രമിക്കപ്പെടുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട നാല്‍പതു പേര്‍ സില്‍വര്‍ ലൈന്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതി. കത്തെഴുതിയവരില്‍ സച്ചിദാനന്ദന്‍ ഉള്‍പ്പെടെ 80 ശതമാനം പേരും ഇടതു സഹയാത്രികരാണ്. സില്‍വര്‍ ലൈനിന് എതിരെ നിലപാടെടുത്താല്‍ കടന്നല്‍ കൂട്ടത്തെ പോലെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ്. അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പഴയ ചരിത്രം അന്വേഷിക്കാനുള്ള ആപ്ലിക്കേഷന്‍ ഫോമുകള്‍ സൈബര്‍ ലോകത്ത് കൂടി പ്രചരിപ്പിക്കുകയാണ്. അവരെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും പിന്തിരിപ്പിക്കാനുള്ള ശ്രമം അപമാനകരമാണ്. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ കേരളമാണ്. എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സമൂഹമാധ്യമങ്ങളിലൂടെ കമ്യൂണിസ്റ്റ് സൈബര്‍ ഗുണ്ടകളെ അഴിച്ചുവിട്ടുകൊണ്ട് ആക്രമിച്ച് ഒതുക്കാമെന്ന് സി.പി.എം നേതൃത്വം കരുതുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന് കഴിയില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് കേരളത്തെ സംബന്ധിച്ച് ഭയാനകരമായ ഒരു സംഭവമായിരുന്നു. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം എടുത്തതിന് കൈകള്‍ കെട്ടിയ ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ആ കേസ് നടത്തിക്കൊണ്ടു പോകാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ല. നിലവിലുള്ള പ്രോസിക്യൂട്ടര്‍ മാറണമെന്ന് ആവശ്യപ്പെട്ടിട്ടും പകരം ആളെ നിയമിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മധുവിന്‍റെ സഹോദരിയെയും അമ്മയെയും കേസിലെ പ്രതികളുമായി ബന്ധപ്പെട്ടവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ല. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പരസ്യമായി ശ്രമിക്കുന്നുണ്ടെന്ന് കുടുംബം പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. എന്ത് നീതിന്യായ വ്യവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പെരിയ കേസിലെ കൊലയാളികളായ പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്നും കോടിക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ കൊണ്ടു വന്ന സര്‍ക്കാര്‍, വിശപ്പ് സഹിക്കാനാകാതെ ഭക്ഷം എടുത്തതിന്റെ പേരില്‍ ആദിവാസി യുവാവിന്റെ ക്രൂരമായി കൊല ചെയ്യപ്പെട്ട കേസ് നടത്താന്‍ തയാറാകാത്തത് കേരളത്തിന് അപമാനമാണ്. പല തവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും അവഗണന നിറഞ്ഞ സമീപനമാണ് പ്രോസിക്യൂഷനും സര്‍ക്കാരും സ്വീകരിക്കുന്നത്. മധുവിന്റെ കുടുംബാംഗങ്ങളല്ല, സര്‍ക്കാരാണ് കേസ് നടത്തേണ്ടത്. പ്രോസിക്യൂട്ടറെ നിയമിച്ച് കേസ് നടത്താനും മധുവിന്‍റെ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Lokayukta ordinance: VD Satheesan says to save the Chief Minister and the Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.