ടി.എൻ. പ്രതാപൻ, രമേശ് ചെന്നിത്തല

ലോക്​സഭ തെരഞ്ഞെടുപ്പ്: തൃശൂരിൽ പ്രതാപൻ നിന്നാൽ ജയിച്ചേനെയെന്ന് ചെന്നിത്തല

ഗുരുവായൂർ: കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ടി.എൻ. പ്രതാപൻ നിന്നാൽ ജയിക്കുമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. എന്നാൽ പ്രതാപൻ പാർട്ടി നിർദേശം അനുസരിച്ച് മാറി നിൽക്കുകകയായിരുന്നുവെന്നും ഏത് മണ്ഡലത്തിൽ നിന്നാലും പ്രതാപൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി. ബലറാം സ്മൃതി പുരസ്കാരം പ്രതാപന് നൽകി സംസാരിക്കുകയായിരുന്നു ചെന്നിത്തല.

“ബുദ്ധിമുട്ടുള്ള മണ്ഡലങ്ങളിൽ പൊരുതി ജയിച്ച ചരിത്രമാണ് പ്രതാപന്‍റേത്. 2019ലെ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കാൻ ആഗ്രഹിച്ച പ്രതാപനോട് ഞാനാണ് തൃശൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഏത് മണ്ഡലത്തിൽ നിന്നാലും പ്രതാപൻ ജയിക്കും. ഇനി ലോക്സഭയിലേക്ക് മത്സരിക്കില്ല, ഡി.സി.സി പ്രസിഡൻ്റാവില്ല തുടങ്ങിയ നിലപാടുകളൊക്കെ പ്രതാപൻ മാറ്റണം. പ്രതാപന് ഇനിയും അങ്കത്തിന് ബാല്യമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണം” -ചെന്നിത്തല പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനാണ് തൃശൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായത്. അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ഇവിടെ ജയം പിടിച്ചെടുക്കുകയായിരുന്നു. മുരളീധരനെയും ഇടത് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിനെയും പിന്നിലാക്കി 75,079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ്‌ ഗോപി മണ്ഡലത്തിൽ വിജയിച്ചത്. പിന്നാലെ തൃശൂർപൂരം കലക്കി ഇടതുപക്ഷം ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം മണ്ഡലത്തിൽ ഒരുക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. പൂരംകലക്കലിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Lok Sabha Elections: Ramesh Chennithala says, Congress would have won in Thrissur if TN Prathapan contested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.