ഇ.ടി. മുഹമ്മദ് ബഷീർ, വി. വസീഫ്

പാർലമെന്‍റ്​ തെര​ഞ്ഞെടുപ്പ് ചരിത്രത്തിൽ ഏ​റെക്കാലം ഒരേ പാർട്ടിയുടെതന്നെ കൊടി പാറുന്ന അപൂർവതയുണ്ട് മലപ്പുറത്തിന്. മുസ്‍ലിംലീഗിന്റെ ശക്തിദുർഗത്തിൽ ഇത്തവണയും അട്ടിമറി പ്രതീക്ഷിക്കാനാവില്ല. പക്ഷേ, ഇടതുപ​ക്ഷം താഴെത്തട്ടിൽ വിശ്രമമില്ലാത്ത പ്രവർത്തനം കാഴ്ചവെച്ചതിന് ഫലമുണ്ടാവുമെന്നാണ് വിലയിരുത്തൽ. ബി.ജെ.പി മുസ്‍ലിം ന്യൂനപക്ഷവിഭാഗത്തിന് സീറ്റ് നൽകിയ ഏകമണ്ഡലമാണിത്. ദേശീയവിഷയങ്ങളിലാണ് മണ്ഡലത്തിലെ ചർച്ചകൾ പ്രധാനമായും ഊന്നിയത്. സി.എ.എ തന്നെ പ്രധാന വിഷയം. ഈ വിഷയത്തിലുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് വിശകലനം ചെയ്യപ്പെട്ടു. രാഹുൽ ഇഫക്ട് ഇത്തവണയും മണ്ഡലം പ്രതീക്ഷിക്കുന്നു.

മുസ്‍ലിം ലീഗിന്‍റെ ദേശീയമുഖമായ ഇ.ടി. മുഹമ്മദ് ബഷീറും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്​ വി. വസീഫും തമ്മിലാണ്​ നേർക്കുനേർ പോരാട്ടം. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. എം. അബ്ദുൽ സലാം എൻ.ഡി.എ സ്ഥാനാർഥിയായുണ്ട്​. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പേ വസീഫ് മണ്ഡലത്തിലിറങ്ങി. പിന്നാലെ ബഷീറും സലാമും. സി.എ.എ, വികസന പിന്നാക്കാവസ്ഥ, രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ലീഗ് പതാകയില്ലാത്തത്, ലീഗ് എം.പിമാരുടെ സീറ്റ് വെച്ചുമാറൽ തുടങ്ങിയവയായിരുന്നു ഇടതുപക്ഷം ഉയർത്തിയ ചൂടുള്ള വിഷയങ്ങൾ. സി.എ.എ തുടങ്ങിയ വിഷയങ്ങളിൽ ദേശീയതലത്തിൽ ലീഗ് നടത്തിയ ഇടപെടൽ, പാർലമെന്റിലെ ലീഗ് എം.പിമാരുടെ പ്രകടനങ്ങൾ, സംസ്ഥാന ഭരണവിരുദ്ധവികാരം തുടങ്ങിയവ ലീഗും ഉയർത്തിക്കാട്ടി. മുഖ്യമന്ത്രി രണ്ടു തവണ മണ്ഡലത്തിലെത്തി. പതിവിലേറെ ആവേശത്തോടെ ഇടതുസ്ഥാനാർഥി സമുദായ നേതാക്കളെ സന്ദർശിച്ചു. ലീഗ് താഴെത്തട്ടിൽ പഴുതടച്ച് നീങ്ങി. പ്രായം മറന്ന് ഇ.ടി മണ്ഡലത്തിന്റെ മുക്കുമൂലകളിലെത്തി. ബി.ജെ.പി സ്ഥാനാർഥിയും ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്.

2019ൽ പി.കെ. കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ വി.പി. സാനുവിനെതിരെ നേടിയ 2,60,153 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തുകയാണ് ലീഗ് ലക്ഷ്യം. എന്നാൽ, 2021ൽ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഇതേ വി.പി. സാനു ലീഗിന്റെ ഭൂരിപക്ഷം 1,14,795ലേക്ക് താഴ്ത്തിയിരുന്നു. ഇത് വസീഫിന്റെ പ്രവർത്തനത്തിന് ഊർജമായ പ്രധാന ഘടകങ്ങളിലൊന്നാണ്. കോണിചിഹ്നമായാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ലെന്ന പഴയ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ. 2004ൽ ഇടതുമുന്നണിയുടെ ടി.കെ. ഹംസ ചരിത്രം അട്ടിമറിച്ചതും ലീഗിന്റെ ഉരുക്കുകോട്ടയിൽ എൽ.ഡി.എഫിന് പ്രതീക്ഷ പകരുന്ന ഘടകമാണ്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനാണ് ലീഡ്. മങ്കടയിൽ നേരിയ ലീഡിനാണ് എൽ.ഡി.എഫ് തോറ്റത്. 14,46,535 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ കന്നിവോട്ടർമാർ 15,908 ആണ്. 

Tags:    
News Summary - Lok Sabha Elections 2024 constituency trend Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.