വടക്കഞ്ചേരി: വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് മോഷണം പോയ ലോക്കർ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി.വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സൂപ്പർമാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയിൽ ലോക്കർ കണ്ടെത്തിയത്. സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികൾ ലോക്കർ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വടക്കഞ്ചേരി എസ്.ഐ ജീഷ് മോൻ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി പണം മുഴുവൻ എടുത്ത ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് കരുതുന്നു. ഈ മാസം 11ന് രാത്രിയാണ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് 3.29 ലക്ഷം രൂപ ലോക്കർ സഹിതം എടുത്ത് കൊണ്ട് പോയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നതിന് സമീപം തന്നെ ലോക്കർ ഉപേക്ഷിച്ച നിലയിൽ കാണുന്നത്. ഭാരമേറിയ ലോക്കറായതിനാൽ സമീപത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വച്ച് പണം എടുത്ത ശേഷം ഉപേക്ഷിച്ചതാവാനാണ് സാധ്യത.
ബുധനാഴ്ച രാത്രിയാണ് ശുചിമുറിയിൽ ലോക്കർ കൊണ്ടിട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം പൊലീസ് നിരീക്ഷണത്തിലാണ്. ഉപേക്ഷിച്ച നിലയിൽ കണ്ട ലോക്കർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.