വെള്ളമുണ്ട എ.യു.പി നിയമന വിവാദം; അന്വേഷണ റിപ്പോർട്ട് ഡി.പി.ഐക്ക് സമർപ്പിച്ചു

കൽപറ്റ: വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ നിയമന വിവാദവുമായി ഡി.ഡി തലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഡി.പി.ഐക്ക് സമർപ്പിച്ചു. ഇതിനിടെ, വിവാദം ഒതുക്കി ത്തീർക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ചരടുവലി നടത്തുന്നതായി ആരോപണമുയർന്നു. പ്രമുഖ നേതാവിന്‍റെ മകന് നിയമനം നല്‍കാൻ മാനേജ്‌മെന്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചട്ട വിരുദ്ധ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നെങ്കിലും പരാതി ഇല്ലാത്തതിനാൽ നടപടി എടുക്കാനാവില്ലെന്ന സൂചനയാണ് വകുപ്പുതലത്തിൽനിന്ന് ലഭിക്കുന്നത്.

രാത്രി ടി.സി നൽകാൻ സൈറ്റ് തുറന്നു കൊടുത്ത നടപടിയിൽ അപാകതയില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ, നിയമസഭയിലടക്കം ചർച്ചയായതോടെ ഒതുക്കിത്തീർക്കാനുള്ള നീക്കമാണ് ഉന്നതങ്ങളിൽ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. തരുവണ ജി.യു.പി സ്‌കൂളില്‍ രണ്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന തന്റെ രണ്ട് കുട്ടികള്‍ക്ക് ബംഗളൂരുവിലേക്ക് ടി.സിക്ക് അപേക്ഷ നല്‍കുന്നത് ഒരേ ദിവസമാണ്.

എന്നാല്‍, ജൂണ്‍ എട്ടിന് തന്നെ ആറാം ക്ലാസുകാരന് ബംഗളൂരുവിലേക്ക് ടി.സി നല്‍കുകയും അനുജന് 14ാം തീയതിയുമാണ് ടി.സി നൽകിയത്. ജൂണ്‍ എട്ടിന് തന്നെ വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ ആറാം ക്ലാസില്‍ ചേര്‍ത്തിട്ടുമുണ്ട്. ബംഗളൂരുവിലുള്ള കുട്ടിക്ക് തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. എന്നാല്‍, വിഷയം വിവാദമായതോടെ ജൂണ്‍ 14ന് തരുവണ സ്‌കൂളിലേക്ക് ടി.സി. തിരിച്ചയച്ചു. കുട്ടിയെ ചേര്‍ക്കാനും ടി.സി നല്‍കാനും രക്ഷിതാവിന്റെ അപേക്ഷ നിര്‍ബന്ധമാണെന്നിരിക്കെയാണ് ഇത്തരത്തില്‍ രക്ഷിതാവും കുട്ടിയും അറിയാതെ ചേര്‍ക്കലും വിടുതലും നടത്തിയത്.

എന്നാല്‍, രക്ഷിതാവിന്റെ അപേക്ഷയില്ലാത്തതിനാല്‍ തരുവണ സ്‌കൂളില്‍ വിദ്യാർഥിയെ ചേര്‍ത്തിട്ടില്ല. രക്ഷിതാവിന്റെ അപേക്ഷയോ കുട്ടിയുടെ സാന്നിധ്യമോ ഇല്ലാതെ നടത്തിയ ഈ നീക്കുപോക്കില്‍ ഉദ്യോഗസ്ഥരുടെ പങ്ക് പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ അന്വേഷണ സംഘം ഇത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസ് മുഖേന നടത്തിയ അന്വേഷണം പ്രഹസനമാണെന്ന പരാതിയും ഉയരുന്നുണ്ട്. ഏത് വിധത്തിലാണ് ഒരു കുട്ടിയുടെ ടി.സി. രണ്ടിടങ്ങളിലേക്ക് നല്‍കിയതെന്ന വിവരത്തിനും കൃത്യമായ മറുപടി നല്‍കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കൃത്യമായ ക്രമക്കേടുകൾ വെളിച്ചത്ത്‌ വന്നിട്ടുണ്ടെങ്കിലും പരാതിയില്ല എന്നതിന്‍റെ പേരിൽ സംഭവത്തെ ഒതുക്കാനാണ് നീക്കം നടക്കുന്നത്.

Tags:    
News Summary - Velamunda AUP appointment controversy; The inquiry report has been submitted to DPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.