മാനന്തവാടി: ടൗണിലെ മാലയോര ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് ലിറ്റിൽ ഫ്ലവർ സ്കൂൾ ജങ്ഷൻ ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തി ഡിസംബർ 26ന് തുടങ്ങി 2025 ജനുവരി നാലിന് പൂർത്തീകരിക്കാൻ നഗരസഭയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കോഴിക്കോട് റോഡിലെ ബസ് ബേയുടെ പ്രവൃത്തി ഇക്കാലയളവിൽ പൂർത്തീകരിക്കും. ഇതുമായി ബന്ധപ്പെട്ട് നഗരത്തിനുള്ളിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ക്ഷേമകാര്യ ചെയർമാൻ വിപിൻ വേണുഗോപാൽ പൊതുമാരാമത്ത് ചെയർമാൻ പി.വി.എസ്. മൂസ കൗൺസിലർമാരായ കെ.സി. സുനിൽകുമാർ എം. അബ്ദുൽ ആസിഫ് വില്ലേജ് ഓഫിസർ രാജേഷ് കുമാർ, ട്രാഫിക് എസ്.ഐ, സുരേഷ് ബാബു, കെ .ആർ.എഫ്.ബി പ്രോജക്ട് എൻജിനീയർ പ്രജോൾ, കെ.എസ്.ആർ.ടി.സി പ്രതിനിധി എം.പി. ചന്ദ്രൻ തൊഴിലാളി സംഘടന പ്രതിനിധികളായ എം.പി. ശശികുമാർ, സജീവൻ, സന്തോഷ് ജി.നായർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.വി. മഹേഷ് മാനന്തവാടി, പ്രസ് ക്ലബ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
1. കോഴിക്കോട് നാലാം മൈൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി പാർക്കിൽ ആളെ ഇറക്കി പോസ്റ്റ് ഓഫിസ് - താഴെയങ്ങാടി വഴി തന്നെ തിരിച്ചു പോകണം.
2. കല്ലോടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി പാർക്കിൽ ആളെ ഇറക്കി പോസ്റ്റ് ഓഫിസ്- താഴെ അങ്ങാടി വഴി തന്നെ തിരിച്ചു പോകേണ്ടതാണ്.
3. മൈസൂർ റോഡ്, തലശ്ശേരി റോഡ്, വള്ളിയൂർക്കാവ് എന്നീ ഇടങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ ഗാന്ധി പാർക്ക്-താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിൽ പോവുകയും അതേ റൂട്ടിൽ തന്നെ തിരികെ പോകേണ്ടതുമാണ്.
4. മാനന്തവാടി ടൗണിൽ പ്രവേശിക്കേണ്ടതില്ലാത്ത വാഹനങ്ങൾ, തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എരുമത്തെരുവ്-ചെറ്റപ്പാലം ബൈപാസ് വഴി വള്ളിയൂർക്കാവ് റോഡിൽ പ്രവേശിച്ച് പനമരം ഭാഗത്തേക്ക് പോകേണ്ടതാണ്.
5. കൊയിലേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വള്ളിയൂർക്കാവ്- ചെറ്റപ്പാലം ബൈപാസിലൂടെ തലശ്ശേരി റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
6. മാനന്തവാടി ടൗണിലെ തലശ്ശേരി റോഡിലെ ഓട്ടോ സ്റ്റാൻഡ്, ഗാന്ധി പാർക്കിലെ ഓട്ടോ സ്റ്റാൻഡ്, താഴെയങ്ങാടി ഓട്ടോ സ്റ്റാൻഡ്, എന്നിവ തൽക്കാലം പ്രവൃത്തി തീരുന്നത് വരെ മറ്റ് സ്റ്റാൻഡുകളിൽനിന്ന് സർവിസ് നടത്തേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.