വെള്ളമുണ്ട: സ്കൂളുകൾ തുറക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ പഞ്ചായത്ത് ആസ്ഥാനത്തെ വെള്ളമുണ്ട എട്ടേനാലിലെ വെള്ളക്കെട്ടിൽ രക്ഷിതാക്കൾക്ക് ആശങ്ക. തോട് പോലെ വെള്ളം പരന്നൊഴുകുന്ന ടൗണിൽ ചളിവെള്ളത്തിൽ നീന്തിവേണം വിദ്യാലയങ്ങളിൽ എത്താൻ.
ഓവുചാലുകൾ മൂടിയതോടെ മഴവെള്ളം ഒഴുകിപ്പോകുന്നില്ല. മഴ തുടങ്ങിയതു മുതൽ റോഡും നടപ്പാതയും വെള്ളക്കട്ടിൽ മുങ്ങിയ നിലയിലാണ്. മഴ കനത്തതോടെ ടൗണിന്റെ എല്ലാ ഭാഗവും വെള്ളക്കെട്ടിലാണ്. മുട്ടൊപ്പം വെള്ളത്തിൽ നീന്തിവേണം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ. മാനന്തവാടി റോഡിന്റെ ഭാഗത്തുനിന്ന് മൊതക്കര റോഡിൽനിന്ന് ഒഴുകിവരുന്ന വെള്ളം മുഴുവൻ ടൗണിന്റെ നടുവിലാണ് വന്നുചേരുന്നത്.
കോടികൾ മുടക്കി നിർമിച്ച ഓവുചാലുകളെല്ലാം വർഷങ്ങളായി മണ്ണും മാലിന്യവും വീണ് മൂടിക്കിടക്കുന്നതാണ് വെള്ളം റോഡിലൂടെ പരന്നൊഴുകാൻ കാരണം. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളാണ് ഏറെയും ദുരിതത്തിലാവുക. ഗ്രാമപഞ്ചായത്തിനോടും പി.ഡബ്ല്യൂ.ഡി അധികൃതരോടും നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.