മസിനഗുഡി ചെക്ക്പോസ്റ്റിൽ വാഹനത്തിൽ കടുവയെ എത്തിച്ചപ്പോൾ കാണാനെത്തിയവർ
ഒടുവിൽ കൂട്ടിൽ; നീലഗിരിയിൽ കടുവയെ ജീവനോടെ പിടികൂടുന്നത് ഇതാദ്യം
ഗൂഡല്ലൂർ: നീലഗിരിയിൽ ആദ്യമായാണ് ഒരു കടുവയെ ജീവനോടെ പിടികൂടുന്നത്. നാട്ടിലിറങ്ങി മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ കടുവകളെയെല്ലാം വെടിവെച്ചുകൊല്ലുകയായിരുന്നു.
മുമ്പ് ഊട്ടി ദൊഢബെഢ ഭാഗത്ത് മൂന്നു പേരെ കൊലപ്പെടുത്തിയ കടുവയെ അവസാനം 15 ദിവസത്തെ തിരച്ചിലിനൊടുവിൽ വെടിവെച്ചുകൊല്ലുകയായിരുന്നു.
അതുപോലെതന്നെ 2015ൽ വുഡ്ബ്രയർ എസ്റ്റേറ്റിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ഭീതിയിലാഴ്ത്തിയ കടുവയെ അവസാനം വെടിവെച്ചുകൊേല്ലണ്ടിവന്നു. പാട്ടവയൽ, നെലാക്കോട്ട ഭാഗത്ത് ഒരു കടുവയെയും വെടിവെച്ചുകൊന്നു. എന്നാൽ, നാലു മനുഷ്യരെ കൊല്ലുകയും മുപ്പതോളം കന്നുകാലികളെ കൊന്ന് ഭീതിയിലാഴ്ത്തിയ 13 വയസ്സുള്ള ആൺകടുവയെ ജീവനോടെ പിടികൂടുകയുമായിരുന്നു.
മസിനഗുഡി, ദേവൻ, മേഫീൽഡ്, ശ്രീമധുര, മുതുമല ഭാഗത്ത് ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടണമെന്നു തന്നെയായിരുന്നു ശക്തമായ ആവശ്യം. ചന്ദ്രൻ എന്ന തോട്ടം തൊഴിലാളിയെ കൊന്ന അന്നുമുതൽ തിരച്ചിൽ തുടങ്ങിയെങ്കിലും മേഫീൽഡ് മുതൽ മസിനഗുഡി വരെയുള്ള 18 കിലോമീറ്റർ ദൂരം കടുവ ഇടവിട്ട് മാറിയതോടെ തിരച്ചിൽ സംഘവും വലയുകയായിരുന്നു.
മാത്രമല്ല, മേഖലയിലെ പ്രദേശവാസികളുടെ അന്നംമുട്ടിക്കുന്ന വിധത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാതെ ഭീതിയുടെ മുൾമുനയിലായിരുന്നു. അവസാനം കടുവയെ കണ്ടെത്തി പിടികൂടിയ ആശ്വാസത്തിലാണ് ജനങ്ങൾ.ഇതിനിടെ ഇവിടെ മൂന്നാഴ്ചത്തെ തിരച്ചിലും അലച്ചിലും സാഹസവും അനുഭവിച്ച വനപാലകരെ വനം വകുപ്പ് മന്ത്രി കെ. രാമചന്ദ്രൻ അഭിനന്ദിച്ചു.
കടുവക്ക് പരിക്കും ക്ഷീണവും ഉള്ളതിനാൽ പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനാണ് മൈസൂരിലേക്ക് കൊണ്ടുപോകുന്നത്. ചികിത്സ നൽകിയശേഷം മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം കടുവയെ ചെന്നൈയിലേക്ക് മാറ്റും എന്നാണ് മന്ത്രി പറഞ്ഞത്. വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ്, മുതുമല കടുവാ സങ്കേത ഡയറക്ടർ വെങ്കിടേശ്, പൊൻജയശീലൻ എം.എൽ.എ , മുൻ എം.എൽ.എ ദ്രാവിഡമണി, ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിൽ, യൂനിയൻ കൗൺസിലർ കെ.കെ. ഗംഗാധരൻ, ഡി.എം.കെ നേതാക്കളായ ലിയാഖത്ത്അലി, കെ. രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലെത്തത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.