ക്വാറികൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് നിർത്തണം; വയനാട്ടിൽ കർശന നിർദ്ദേശം
കൽപറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം നൽകിയ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ക്വാറികൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തിവെക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ വി. ചെൽസസിനി ഉത്തരവിട്ടു. ദുരന്ത സാധ്യത-ദുർബല പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണിയുള്ള ഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കണം.
കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത നിർമാണ പ്രദേശം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശം, മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശം എന്നിവിടങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കണമെങ്കിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും കലക്ടർ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.