കൽപറ്റ: കായികരംഗത്ത് കുതിപ്പിന്റെ പുത്തനധ്യായങ്ങളിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിൽ പ്രഥമ വയനാട് ജില്ല ഒളിമ്പിക് ഗെയിംസിന് വെള്ളിയാഴ്ച ഔദ്യോഗിക തുടക്കമാകും. ജനുവരി എട്ടിന് ജില്ലതല ഗെയിംസ് മത്സരങ്ങൾക്ക് ആരംഭമാകും. കോവിഡിനുശേഷം തകർന്ന കായിക മേഖലക്ക് നവോന്മേഷം പകരുകയാണ് ഒളിമ്പിക് ഗെയിംസിന്റെ ലക്ഷ്യം.
കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് 2022ന്റെ ഭാഗമായാണ് ജില്ല ഒളിമ്പിക്സിന് കളിത്തട്ടുണരുന്നത്. ബാഡ്മിന്റണ്‍ (ഷട്ടില്‍), സ്വിമ്മിങ്, ഖോഖോ, തൈക്വാൻഡോ, ബോക്സിങ്, കരാട്ടേ, ജൂഡോ, ജിംനാസ്റ്റിക്സ്, ആര്‍ച്ചറി, വോളിബാള്‍, നെറ്റ്ബാള്‍, ടേബിള്‍ ടെന്നീസ്, സൈക്ലിങ്, കബഡി, വെയ്റ്റ് ലിഫ്റ്റിങ്, റസ്ലിങ്, ഫുട്ബാള്‍, റൈഫിള്‍ ഷൂട്ടിങ്, വുഷു, അത്ലറ്റിക്സ്, ഹോക്കി, ഹാന്‍ഡ്ബാള്‍ തുടങ്ങി 24 കായിക ഇനങ്ങളിലായാണ് മത്സരങ്ങൾ. വിവിധ കായിക സംഘടനകളുടെ സഹായത്തോടെ വയനാട് ജില്ല ഒളിമ്പിക് അസോസിയേഷനാണ് ഗെയിംസിന് ചുക്കാൻ പിടിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.30ന് മാനന്തവാടി പഴശ്ശി കുടീരത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദ്വാരക, കെല്ലൂർ, പനമരം, കണിയാമ്പറ്റ, സുൽത്താൻ ബത്തേരി, മീനങ്ങാടി, മുട്ടിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ഗ്രൗണ്ടിൽ സമാപിക്കും. ദീപശിഖ പ്രയാണത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന റോഡ് ഷോ വാദ്യമേളങ്ങളുടെയും സൈക്കിൾ റാലിയുടെയും അകമ്പടിയോടെ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ സമാപിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ദീപശിഖ ഏറ്റുവാങ്ങും.
ജനുവരി എട്ടിന് കൽപറ്റയിൽ നടക്കുന്ന ജില്ലതല ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കും. ജനുവരി 12ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങൾ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനുവരി 20ന് അമ്പലവയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങളോടെ ജില്ലതല മത്സരങ്ങൾ സമാപിക്കും. ജില്ലയിലെ വിജയികൾ ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഗെയിംസിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.