കൽപറ്റ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം തുടർഭരണത്തിന് അനുകൂല വിധിയെഴുതിയപ്പോഴും 5,470 വോട്ടിന്റെ ഭൂരിപക്ഷം നൽകി യു.ഡി.എഫിനെ തുണച്ച കൽപറ്റ മണ്ഡലത്തിൽ ഇത്തവണയും ജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. അതേസമയം, ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം കൈപ്പിടിയിലൊതുക്കാനുള്ള എല്ലാ ശ്രമങ്ങളും എൽ.ഡി.എഫും പയറ്റുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ലോക്സഭയിൽ പ്രിയങ്ക ഗാന്ധിക്ക് മണ്ഡലം നൽകിയ വലിയ ഭൂരിപക്ഷവുമെല്ലാം യു.ഡി.എഫിന് അനുകൂല ഘടകങ്ങളാണ്. എന്നാൽ, ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ് ഉൾപ്പെടെ സർക്കാറിന്റെ കരുതൽ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
സിറ്റിങ് എം.എൽ.എ ടി. സിദ്ധീഖിനെ തന്നെ കോൺഗ്രസ് വീണ്ടും കളത്തിലിറക്കിയപ്പോൾ ആർ.ജെ.ഡിക്ക് അവകാശപ്പെട്ട സീറ്റിൽ പി.കെ. അനിൽകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയിലിനെ തന്നെ രംഗത്തിറക്കി പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പൊതുവേ, യു.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന കൽപറ്റ മണ്ഡലത്തിൽ 2016ൽ സി.പി.എമ്മിലെ ശശീന്ദ്രനാണ് വിജയിച്ചത്. അന്ന് യു.ഡി.എഫിന്റെ ഭാഗമായിരുന്ന എം.വി. ശ്രേയാംസ് കുമാറിനെ 7142 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രൻ തോൽപിച്ചത്. 2021ലെ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും ശ്രേയാംസ് കുമാറിന്റെ പാർട്ടി എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ ടി. സിദ്ധീഖിനാണ് യു.ഡി.എഫിൽ നറുക്കുവീണത്. എതിർ സ്ഥാനാർഥിയാകട്ടെ ശ്രേയാംസ് കുമാറും. കേരളത്തിൽ ഇടതു തരംഗമുണ്ടായപ്പോഴും കൽപറ്റക്കാർ യു.ഡി.എഫിനൊപ്പം നിന്ന് 70252 വോട്ട് നൽകി സിദ്ധീഖിനെ നിയമസഭയിലേക്ക് അയച്ചു. ബി.ജെ.പിയുടെ കെ. സദാനന്ദൻ 14113 വോട്ടാണ് അന്ന് നേടിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് തന്നെയായിരുന്നു മണ്ഡലത്തിൽ മേൽക്കൈ. യു.ഡി.എഫ് ഭരിച്ചിരുന്ന കല്പറ്റ നഗരസഭയും മുട്ടിൽ, മൂപ്പൈനാട് പഞ്ചായത്തുകളും എല്‍.ഡി.എഫിന് ലഭിച്ചെങ്കിലും മണ്ഡലപരിധിയിലെ 10 പഞ്ചായത്തുകളില്‍ എട്ടിലും യു.ഡി.എഫ് ആധിപത്യം നേടി. നിയോജക മണ്ഡലം പരിധിയില്‍ ആകെയുള്ള 173 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സ്വതന്ത്രരടക്കം 107 സ്ഥലങ്ങളില്‍ യു.ഡി.എഫ് ജയിച്ചു. എല്‍.ഡി.എഫ് സ്വതന്ത്രരടക്കം 61 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചത്. എന്‍.ഡി.എ മൂന്ന് വാര്‍ഡുകളില്‍ ഒതുങ്ങി.
അതേസമയം, മണ്ഡല പരിധിയിലെ ഏക നഗരസഭയില്‍ 17 വാര്‍ഡുകളും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 11 ഇടത്തായിരുന്നു യു.ഡി.എഫ് ജയം. രണ്ടിടത്ത് എന്‍.ഡി.എയും വിജയിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 16 ഡിവിഷനുകളില്‍ രണ്ടിടത്ത് മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചത്. 14 ഡിവിഷനുകളിലും യു.ഡി.എഫ്. മണ്ഡലം പരിധിയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നില്‍പോലും എല്‍.ഡി.എഫിന് വിജിയിക്കാനുമായില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ആധിപത്യം അവർക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസം നൽകുമ്പോൾ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
ടി. സിദ്ദീഖിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ മണ്ഡലത്തിലെ പ്രവർത്തനങ്ങളും ഉരുൾദുരന്ത മേഖലയിലെ അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യവും ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും വയനാടിന്റെ അവഗണനയുമെല്ലാമാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രാചാരണത്തിൽ പ്രധാനമായും ചർച്ചയാക്കുന്നത്. പേരിൽ ഒതുങ്ങിയ വയനാട് മെഡിക്കൽ കോളജും ചുരം ഉൾപ്പടെയുള്ള വയനാടിന്റെ യാത്രാദുരിതങ്ങളും വന്യമൃഗ ശല്യത്തിനെതിരെയുള്ള സർക്കാറിന്റെ നിസ്സംഗതയും കർഷകവിരുദ്ധ സമീപനങ്ങളുമെല്ലാം യു.ഡി.എഫിന് പ്രചാരണായുധമാണ്. എൽ.ഡി.എഫാകട്ടെ, ഉരുൾദുരന്ത ബാധിതരെ ചേർത്തുപിടിച്ചത് മുതൽ കർഷകർക്ക് പട്ടയം അനുവദിച്ചതും യാത്രാദുരിതം പരിഹരിക്കുന്നതിനുള്ള തുരങ്ക പാതയും ഉൾപ്പടെ കഴിഞ്ഞ 10 വർഷക്കാലത്തെ സർക്കാർ നേട്ടങ്ങളെയാണ് വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ്പും കോൺഗ്രസ് തറക്കല്ലിലൊതുക്കിയ പുനരധിവാസവും എൽ.ഡി.എഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം മാറി മാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികളുടെ ജനദ്രോഹ നടപടികളും നരേന്ദ്ര മോദിയുടെ ഭരണവുമാണ് എൻ.ഡി.എയുടെ പ്രചാരണ ആയുധം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി. സിദ്ദീഖ് ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
2016ൽ കുന്നമംഗലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായിരുന്ന പി.ടി.എ. റഹീമിനോട് പരാജയപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായിരുന്ന തൂവക്കോട് കാസിമിന്റെയും നഫീസയുടേയും മകനായി 1974 ജൂൺ ഒന്നിന് കാസർകോട് ജനിച്ചു. സെന്റ് ജോസഫ് ദേവഗിരി കോളജിൽനിന്ന് ബിരുദവും കോഴിക്കോട് ഗവ. ലോ കോളജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. ഷറഫുന്നീസയാണ് ഭാര്യ. ആദിൽ, ആഷിഖ്, സിൽ യസ്ദാൻ എന്നിവരാണ് മക്കൾ.
ചെമ്പ്രയിൽ തോട്ടം തൊഴിലാളികളോട് പി.കെ. അനിൽകുമാർ സംസാരിക്കുന്നു
തോട്ടംതൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണപരിചയവുമുൾപ്പെടെയുള്ള അനുഭവസമ്പത്തുമായാണ് പി.കെ. അനിൽകുമാർ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. 2005 മുതൽ 2012 വരെ കൽപറ്റ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. 2012 മുതൽ 2015 വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2015 മുതൽ 2020 വരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. കിലെ അംഗമായും പ്രവർത്തിച്ചു.
നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാനകമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മേപ്പാടി പാറക്കോട്ട് കൊട്ടയങ്ങാട്ടിൽ പരേതനായ പി.കെ. ഗോപാലന്റെയും ജാനകിയുടെയും മകനാണ്.
പ്രശാന്ത് മലവയല്‍ (എൻ.ഡി.എ)പുത്തൂർവയൽ കുറുമ ഉന്നതിയിലെത്തിയ പ്രശാന്ത് മലവയൽ വോട്ടഭ്യർഥിക്കുന്നു
സുൽത്താൻ ബത്തേരി താലൂക്കിലെ മലവയല്‍ സ്വദേശിയാണ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ കൂടിയായ പ്രാശാന്ത് മലവയൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം യുവമോര്‍ച്ചയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. മൂന്ന് തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭാര്യ: രമ്യമോള്‍. മകള്‍: നേഹാ ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.