കൽപറ്റ: ജില്ലയിൽ കനത്ത ചൂടിനെ അവഗണിച്ചും പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിച്ചിരിക്കെ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് മുന്നണികൾ. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ മിക്ക സ്ഥാനാർഥികളുടേതും പൂർത്തിയായതോടെ മുനിസിപ്പല്‍, പഞ്ചായത്തുതല കണ്‍വന്‍ഷനുകളിൽ കേന്ദ്രീകരിക്കുകയാണ് മുന്നണികള്‍.
രാവിലെ മുതല്‍ രാത്രി വൈകുവോളം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും സ്ഥാനാര്‍ഥികൾ ഏറെ സമയം ചെലവഴിക്കുന്നുണ്ട്. ഒരോ വോട്ടും തങ്ങൾക്കനുകൂലമാക്കാനുള്ള പ്രാചാരണ പ്രവർത്തനങ്ങളാണ് സ്ഥാനാർഥികൾ നടത്തുന്നത്. അതിനായി വിവിധ സ്ഥാപനങ്ങളിലും തോട്ടംതൊഴിലാളി മേഖലകളിലും ഉന്നതികളിലും അടക്കം നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധകേന്ദ്രീകരിക്കുന്നു. പകൽ സമയങ്ങളിൽ ജില്ലയിൽ കനത്ത് ചൂട് അനുഭവപ്പെടുന്നത് പ്രവർത്തകരെ തളർത്തുന്നുണ്ടെങ്കിലും ആവേശം കുറയാതിരിക്കാനുള്ള തത്രപ്പാടിലാണ് നേതാക്കൾ.
ടൗൺഷിപ്പ് സന്ദർശിച്ച് എം.എസ്. വിശ്വനാഥൻ
സുൽത്താൻ ബത്തേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ
ടൗൺഷിപ് സന്ദർശിക്കാൻ എത്തിയവരുമായി സംസാരിക്കുന്നു
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച് സുൽത്താൻ ബത്തേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ് സന്ദർശിക്കാൻ എത്തിയവരെയും കണ്ടു സംസാരിച്ചു. സംസ്ഥാന സർക്കാറിന്റെ ഇച്ഛാശക്തിയാണ് ടൗൺഷിപ്പെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതരെ ഒരുമിപ്പിക്കാൻ ഒരു ഗ്രാമം തന്നെ വീണ്ടെടുക്കുകയാണ് സംസ്ഥാന സർക്കാറെന്നും എം.എസ്. വിശ്വനാഥൻ പറഞ്ഞു. ടൗൺഷിപ്പിലെ സോണുകളെല്ലാം കണ്ട് നിർമാണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പുരോഗതി വിലയിരുത്തിയുമാണ് സ്ഥാനാർഥി മടങ്ങിയത്.
ചുമട്ടുതൊഴിലാളികളോട് വോട്ടഭ്യർഥിച്ച് ഉഷാ വിജയൻ
മാനന്തവാടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുമട്ടുതൊഴിലാളികളോട് വോട്ടഭ്യർഥിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഉഷാ വിജയൻ. ചിറക്കര എസ്റ്റേറ്റിലെ തൊഴിലാളികളെയും കണ്ടു. തോട്ടം മേഖലയിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ തൊഴിലാളികൾ സ്ഥാനാർഥിയുടെ ശ്രദ്ധയിൽപെടുത്തി. വിജയിച്ചു വരുമ്പോൾ താൻ ഇക്കാര്യത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം ഉറപ്പുവരുത്തമെന്ന പ്രതീക്ഷ നൽകിയാണ് ഉഷ വിജയൻ തിരിച്ചത്.
തിരുനെല്ലി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനിൽ തിരുനെല്ലിയിലെ ടൂറിസം സാധ്യതകളും മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ഉഷ വിജയൻ ഉറപ്പുനൽകി. തിരുനെല്ലിയിലെ ഉന്നതികൾ അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നും പട്ടിക വർഗത്തിനായി നീക്കിവെച്ച ഫണ്ടുകൾ പോലും ചെലവഴിക്കാതെ സ്വന്തം പഞ്ചായത്തിലെ വകുപ്പ് മന്ത്രി തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തിലെ യു.ഡി.എഫ് കൺവെൻഷനുകളിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യു.ഡി.എഫ് നേതാക്കളായ ടി.ജെ. ഐസക്ക്, പടയൻ അമ്മദ്, എൻ.കെ. വർഗീസ്, എച്ച്.ബി. പ്രദീപ്, ടി. മൊയ്തു, എം.ജി. ബിജു, ജിജി ജോണി, എം. സുനിൽ, എസ്.എം. പ്രമോദ്, കെ. അബ്ദുല്ല, കെ.വി. ജോൺസൺ, കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഐ.സി. ബാലകൃഷ്ണന്റെ ആസ്തി 37.64 ലക്ഷം
സുൽത്താൻബത്തേരി: ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന് ആകെ 37.64 ലക്ഷത്തിന്റെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ രേഖയിലാണ് വിവരങ്ങളുള്ളത്. 10,39,430 രൂപയുടെ ജംഗമആസ്തിയാണുള്ളത്. 25,000 രൂപയാണ് കൈവശമുള്ളത്. രണ്ടുലക്ഷം രൂപ മൂല്യം വരുന്ന രണ്ടുപവൻ സ്വർണാഭരണം സ്വന്തമായുണ്ട്.
വയനാട് വെൽഫെയർ അസോസിയേഷൻ ലിമിറ്റഡിൽ 10 രൂപയുടെ ആയിരം ഓഹരികളുണ്ട്. ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റിയിൽ 12,000 രൂപ നിക്ഷേപമുണ്ട്. ആറു ലക്ഷം രൂപ വിലമതിക്കുന്ന കാറുണ്ട്. എട്ടുലക്ഷം രൂപ വിലമതിക്കുന്ന 10 സെന്റ് കൃഷിഭൂമിയിൽ 14 ലക്ഷം രൂപ മതിപ്പുള്ള വീടുൾപ്പെടെ 22 ലക്ഷം രൂപയുടെ സ്ഥാവരസ്വത്തുക്കളും ഐ.സിയുടെ പേരിലുണ്ട്. 9.5 ലക്ഷം രൂപയുടെ ബാധ്യതകളും ഇദ്ദേഹത്തിനുണ്ട്.
ജീവിത പങ്കാളിയുടെ കൈവശം 10,000 രൂപയുണ്ട്. മൂന്നുലക്ഷം രൂപ വിലമതിക്കുന്ന മൂന്നു പവൻ സ്വർണമുൾപ്പെടെ 3,10,000 രൂപയുടെ ജംഗമ ആസ്തി ജീവിതപങ്കാളിക്കുണ്ട്. ഒന്നാം ആശ്രിതയുടെ കൈവശം 5000 രൂപയും ഒരുലക്ഷം രൂപ യുടെ ഒരുപവൻ സ്വർണ വുമുണ്ട്. രണ്ടാം ആശ്രിതയുടെ കൈവശം 2000 രൂപയും ഒരുലക്ഷം രൂപ മതിപ്പുള്ള ഒരു പവൻ സ്വർണവുമുണ്ട്.
വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ്
കൽപറ്റ: സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് കലക്ടര്‍ ഡി.ആര്. മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫിസര്‍ എം. മജീദ് അധ്യക്ഷത വഹിച്ചു. വോട്ടര്‍ പ്രതിജ്ഞയും എടുത്തു.
അസി. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫിസര്‍ കെ.ടി. മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍, ഷീജ, ഷില്ലി, ബാബു എന്നിവര്‍ സംസാരിച്ചു.
ജില്ലാ ലൈബ്രറിയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സ്വീപ് നോഡല്‍ ഓഫിസറായ അസി. കലക്ടര്‍ പി.പി. അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാർഥികള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട ബുക്ക് മാര്‍ക്കുകള്‍ വിതരണം ചെയ്തു. കല്പറ്റ സ്വീപ് കോഓഡിനേറ്റര്‍ ദിലീപ് കുമാര്‍, വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി സുമേഷ് എന്നിവര്‍ സംബന്ധിച്ചു.
എന്‍ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം
കണിയാമ്പറ്റ: കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളില്‍ പര്യടനം നടത്തി കല്പറ്റ മണ്ഡലം എന്‍ഡി.എ സ്ഥാനാര്‍ത്ഥി പ്രശാന്ത് മലവയല്‍. പൊങ്ങിണി ക്ഷേത്ര ദര്‍ശനത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കണിയാമ്പറ്റ മൃഗാശുപത്രി കവലയിലെ എന്‍ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറെ, പുളിക്കല്‍, എടത്തല്‍ ഉന്നതികളില്‍ പര്യടനം നടത്തി. തുടര്‍ന്ന് പൗരപ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി. പാടിക്കുന്ന്, നെല്ലിയമ്പം, വരദൂര്‍, കരണി, അരിമുള എന്നിവിടങ്ങൾ സന്ദർശിച്ചു. ആനേരി, വണ്ടിയാമ്പറ്റ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു
മേപ്പാടി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മേപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാനാർഥി അഡ്വ. ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ടി. ഹംസ അധ്യക്ഷത വഹിച്ചു. പി.പി. ആലി, ബി. സുരേഷ് ബാബു, സലിം മേമന, യാഹ്യാഖാൻ തലക്കൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.