സുൽത്താൻ ബത്തേരി: മഴക്കാലം തുടങ്ങിയതോടെ ദേശീയപാതയിൽ വാഹന യാത്രക്ക് ജീവൻ പണയപ്പെടുത്തേണ്ട അവസ്ഥയാണ്. ദേശീയപാത 766 പൊൻകുഴി മുതൽ മീനങ്ങാടി പഞ്ചായത്തിലെ കാക്കവയൽ വരെ ഏകദേശം ഇതേ സ്ഥിതിയാണ്. റോഡിലേക്ക് മറിഞ്ഞു വീഴാവുന്ന രീതിയിൽ നിരവധി മരങ്ങളാണുള്ളത്.
ഞായറാഴ്ച മുത്തങ്ങയിലും കല്ലൂരിലും മരങ്ങൾ റോഡിലേക്ക് വീണു. വാഹനങ്ങൾ മരങ്ങൾക്കടിയിൽ പെടാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്. ഞായറാഴ്ച രാത്രി കൃഷ്ണഗിരിയിൽ മരം റോഡിലേക്ക് മറിഞ്ഞു വീണപ്പോൾ കാറ് അടിയിൽപെടുകയുണ്ടായി. കാർ യാത്രക്കാർ പ്രശ്നങ്ങളൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്തു.
അതിർത്തി കടന്ന് പൊൻകുഴിയിലേക്ക് എത്തുമ്പോൾ മുതൽ റോഡിലേക്ക് മറിയാവുന്ന രീതിയിലുള്ള മരങ്ങൾ കാണാം. നായ്ക്കട്ടി, മൂലങ്കാവ് എന്നിവിടങ്ങളിലും ഇത്തരം മരങ്ങളുണ്ട്. സുൽത്താൻ ബത്തേരിയിൽനിന്ന് കൽപറ്റ ഭാഗത്തേക്ക് പോകുമ്പോൾ കൊളഗപ്പാറ മുതലാണ് അപകടകരമായ രീതിയിൽ മരങ്ങൾ നിൽക്കുന്നത്.
പാതിരിപ്പാലം ഇറക്കത്തിലും കയറ്റത്തിലും അടി പൊള്ളയായ അവസ്ഥയിൽ നിരവധി മരങ്ങളുണ്ട്. ഓരോ മഴക്കാലത്തും മരങ്ങൾ റോഡിലേക്ക് വീഴുക പതിവാണ്. കൃഷ്ണഗിരിക്കും അമ്പലപ്പടിക്കും ഇടയിലാണ് ഇത്തവണ കൂടുതൽ മരങ്ങൾ മറിഞ്ഞു വീണിട്ടുള്ളത്. ഞായറാഴ്ച കാറിന്റെ മുകളിലേക്ക് മരം വീണതിന് 20 മീറ്റർ മാറിയാണ് മൂന്നാഴ്ചമുമ്പ് വേറൊരു മരം വീണത്. അന്ന് ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്ക് ഉണ്ടായില്ല.
മീനങ്ങാടിക്കുശേഷം പി.ബി.എം കവല, മിൽമ ഇറക്കം, കുട്ടിരായൻ പാലം എന്നിവിടങ്ങളിലൊക്കെ മരങ്ങളുണ്ട്. ഇവ വെട്ടി മാറ്റിയില്ലെങ്കിൽ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. എന്നാൽ, മരങ്ങളുടെ അപകട സാധ്യത ഇല്ലാതാക്കാൻ ദേശീയപാത അധികൃതർക്ക് യാതൊരു താൽപര്യവുമില്ല. മഴക്കാലത്തും ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യാൻ യാത്രക്കാർ നിർബന്ധിതരാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.