സുൽത്താൻ ബത്തേരിയിലെ തപാൽ വകുപ്പിന്റെ സ്ഥലം
സുൽത്താൻബത്തേരി: പതിറ്റാണ്ടുകൾക്കു മുമ്പ് വാങ്ങിയ സ്ഥലമുണ്ടായിട്ടും തപാൽ വകുപ്പിന് ആശ്രയം വാടകക്കെട്ടിടം. നഗരത്തിലെ സ്വന്തം സ്ഥലത്ത് കെട്ടിടം നിർമിക്കാൻ തയാറാകാതെ വാടക കെട്ടിടങ്ങളെ ആശ്രയിക്കുകയാണ് തപാൽ വകുപ്പ്. നാലര പതിറ്റാണ്ടു മുമ്പാണ് സുൽത്താൻ ബത്തേരിയിൽ പോസ്റ്റ് ഓഫിസ് നിർമിക്കാൻ പോസ്റ്റൽ വകുപ്പ് സ്ഥലം വാങ്ങിയത്. റഹീം മെമ്മോറിയൽ റോഡിലാണ് 70 സെന്റ് സ്ഥലം സ്വന്തമായുള്ളത്.
ജില്ലയിലെ പ്രധാന പോസ്റ്റ് ഓഫിസുകളിലൊന്നായ സുൽത്താൻ ബത്തേരി ഹെഡ് പോസ്റ്റ് ഓഫിസിന് സ്വന്തമായി കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ 1980ലാണ് വകുപ്പ് ഈ സ്ഥലം വാങ്ങിയത്. പിന്നീട് കെട്ടിടം നിർമിക്കുന്നതിന് തുടർ നടപടികളൊന്നുമുണ്ടായില്ല. നിലവിൽ ഈ ഭൂമി കാടുമൂടിക്കിടക്കുകയാണ്. നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിട ഉടമ കോടതിയെ സമീപിച്ച് അനുകൂല വിധി വന്നതോടെ ഇവിടെനിന്ന് വീണ്ടും മറ്റൊരു വാടക കെട്ടിടത്തിലേക്കാണ് പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം മാറിയത്.
തപാൽ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ച് ഓഫിസ് പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൽപറ്റയിൽ ഇത്തരത്തിൽ കിടന്നിരുന്ന തപാൽ വകുപ്പിന്റെ സ്ഥലത്ത് കെട്ടിടം നിർമിച്ച് ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലും തപാൽ വകുപ്പിന്റെ സ്ഥലത്ത് ഉടൻ കെട്ടിടം നിർമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.