കൽപറ്റ: എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ പിന്നാക്ക ജില്ലയായ വയനാടിന് മുൻ വർഷത്തേക്കാൾ മുന്നേറ്റം. 99.59 ശതമാനം നേടിയ ജില്ല സംസ്ഥാന ശരാശരിയേക്കാളും മുന്നിലെത്തുകയും ചെയ്തു. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ 13ാം സ്ഥാനത്തുണ്ടായിരുന്ന വയനാട് ഇത്തവണ ആറാം സ്ഥാനത്തെത്തി. 11640 വിദ്യാർഥികളാണ് ഇത്തവണ ജില്ലയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഇതിൽ 11592 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 99.38 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതിയ 5851 പെൺകുട്ടികളടക്കം 11585 പേരില്‍ 11513 പേരാണ് കഴിഞ്ഞ തവണ ഉപരിപഠന യോഗ്യത നേടിയിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിദ്യാർഥികളുടെ എണ്ണത്തിലും ഉപരി പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി. 1397 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും ജില്ലയിൽനിന്നും ഫുൾ എ പ്ലസ് നേടി.
ഇതിൽ 451 ആൺകുട്ടികളും 941 പെൺകുട്ടികളുമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫുൾ എ പ്ലസിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടായി. 1648 പേരാണ് എല്ലാ വിഷയങ്ങളിലും കഴിഞ്ഞ തവണ എ പ്ലസ് നേടിയത്. 72 സ്കൂളുകളാണ് ഇത്തവണ ജില്ലയിൽനിന്നും ഫുൾ എ പ്ലസ് നേടിയത്. ജനറൽ വിഭാഗത്തിൽ ഇത്തണ 2280 വിദ്യാർഥികൾ പരീക്ഷക്കിരുന്നതിൽ 2278 വിദ്യാർഥികളും ഉന്നത പഠനത്തിന് യോഗ്യത നേടി.
എസ്.സി വിഭാഗത്തിൽ 487 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതിൽ രണ്ടു കുട്ടികൾ മാത്രമാണ് ഉപരി പഠനത്തിന് യോഗ്യത നേടാതെ പോയത്. എസ്.ടി വിഭാഗത്തിൽ 2330ൽ 2296 കുട്ടികൾ എസ്.എസ്.എൽ.സി കടമ്പകടന്നു. ഒ.ബി.സി വിഭാഗത്തിൽ 6430 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 6421 പേരും ഉന്നത പഠനത്തിന് യോഗ്യരായി. ഒ.ഇ.സി വിഭാഗത്തിൽ പരീക്ഷക്കിരുന്ന 112 പേരും യോഗ്യത നേടി.
കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്സിലാണ്. ആകെ പരീക്ഷയെഴുതിയ 360 കുട്ടികള്‍ 86 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്കൂളില്‍ 290 പേര് പരീക്ഷയെഴുതിയതില്‍ 68 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മാനന്തവാടി എം.ജി.എം സ്കൂളില്‍ പരീക്ഷയെഴുതിയ 105 കുട്ടികളില്‍ 65 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.