കൽപറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി എത്തിയ ഹെലികോപ്ടർ
കൽപറ്റ: വയനാടിെൻറ പിന്നാക്കാവസ്ഥ മറികടക്കാന്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 7000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ജലസേചനത്തിനും മണ്ണ്, ജല സംരക്ഷണത്തിനുമായി പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും. കാര്‍ഷിക സര്‍വകലാശാല, പൂക്കോട് വെറ്ററിനറി സര്‍വകലാശാല എന്നിവ വിപുലീകരിക്കും, മൃഗ സംരക്ഷണ മേഖലയില്‍ വര്‍ഷം തോറും 20 കോടി രൂപ വീതം ചെലവഴിക്കും. ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം വികസനത്തിന് 50 കോടി രൂപ അനുവദിക്കും. ജില്ലയിലെ കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നതിനും പദ്ധതിയുണ്ട്.
തലശ്ശേരി ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ടില്‍ വയനാടിനെയും ഉള്‍പ്പെടുത്തും. വയനാട്ടിലെ ടൂറിസം മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ അനുവദിക്കും. അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രതിവര്‍ഷം 100 കോടി രൂപ വീതം ജില്ലയില്‍ ചെലവഴിക്കും. വയനാട്ടിലെ കോളജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും. പഴശ്ശി ട്രൈബല്‍ കോളജ് ആരംഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ കൂടി അനുവദിക്കും. 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ വാട്ടര്‍ അതോറിറ്റി മുഖേന ജില്ലയില്‍ നടപ്പാക്കും. വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തും. 400 കെ.വി ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഗ്രീന്‍ കോറിഡോര്‍ പദ്ധതിയും പാക്കേജില്‍ പ്രഖ്യാപിച്ചു.
ലൈഫ് മിഷനില്‍ 2021 കാലയളവില്‍ ജില്ലയില്‍ 5000 വീടുകള്‍ അനുവദിക്കും. ആദിവാസി ഊരുകളില്‍ പ്രത്യേക ഏരിയ പ്ലാനുകള്‍ നടപ്പാക്കും. പട്ടികജാതി പട്ടികവര്‍ഗ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം 150 കോടി രൂപ ജില്ലക്കായി അനുവദിക്കും. കാര്‍ഷികേതര മേഖലയില്‍ 5000 പേര്‍ക്ക് പ്രതിവര്‍ഷം തൊഴില്‍ ലഭ്യമാക്കും. വന്യജീവി ആക്രമണം നേരിടാന്‍ കിഫ്ബിയില്‍നിന്നുള്ള 100 കോടി രൂപ ലഭ്യമാക്കും. ജില്ലയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് കിഫ്ബിയില്‍ നിന്നാണ് -2000 കോടി. വൈദ്യുതി ബോര്‍ഡ് -1000 കോടി രൂപ, മെഡിക്കല്‍ കോളജ് -700 കോടി രൂപ, കുടിവെള്ളം -600 കോടി രൂപ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വലിയ ചെലവിനങ്ങള്‍. ഇതിനു പുറമേ പ്രതിവര്‍ഷം കൃഷിയും അനുബന്ധ മേഖലകള്‍ക്കും 150 കോടി രൂപയും പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് 150 കോടി രൂപയും റോഡുകള്‍ക്ക് 100 കോടി രൂപയും വിദ്യാഭ്യാസം, ടൂറിസം, വനം തുടങ്ങി മറ്റു വികസന മേഖലകള്‍ക്ക് 100 കോടി രൂപ വീതവും ചെലവഴിക്കും.
അഞ്ചു വര്‍ഷംകൊണ്ട് 2500 കോടി രൂപ ജില്ലയില്‍ ചെലവഴിക്കും. വയനാട് പാക്കേജിെൻറ അടങ്കല്‍ 7000 കോടി രൂപയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ തുക ഇതിനു പുറമേയാണ്. ഏകോപിതമായും കാര്യക്ഷമമായും വയനാട് പാക്കേജ് തുക ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ വയനാടിെൻറ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാക്കേജിെൻറ കാര്യക്ഷമമായ നടത്തിപ്പിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കും. പ്രതിമാസ അവലോകനം നടത്തി പാക്കേജിലൂടെ വയനാടിനെ മുന്‍ നിരയില്‍ എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
വ്യവസായ മന്ത്രി ഇ.പി. ജയരാജന് കോഫീ സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്ക്ക് കൈമാറല്‍ കര്‍മവും നിര്‍വഹിച്ചു. സി.കെ. ശശീന്ദ്രന് എം.എല്‍.എ, ഒ.ആര്. കേളു എം.എല്‍.എ, ജില്ല കലക്ടര്‍ അദീല അബ്ദുല്ല, മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ്, സബ് കലക്ടര്‍ വികല്പ് ഭരദ്വാജ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, എ.ഡി.എം ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട്ടിലെ വൈദ്യുതി പ്രസരണ ശൃംഖല 66 കെ.വിയില്‍ നിന്ന് 110 കെ.വിയിലേക്ക് മാറ്റി ശക്തിപ്പെടുത്തും. ഇതിനായി 100 കോടി രൂപ ചെലവഴിക്കും. വയനാടിനെ 400 കെ.വി ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിന് ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കും.
2020 -21ല്‍ ലൈഫ് മിഷനില്‍ 5000 വീടുകള്‍ നിര്‍മിക്കും. ഊരുകളില്‍ മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ഏരിയ പ്ലാനുകള്‍ തയാറാക്കും. ആദിവാസി സ്വാശ്രയ സംഘങ്ങളെക്കൊണ്ട് അവരുടെ ഇഷ്ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സര്‍ക്കാര്‍തലത്തില്‍ സംഭരിച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. പട്ടികജാതി -പട്ടികവര്‍ഗ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം 150 കോടി രൂപ ജില്ലയില്‍ ചെലവഴിക്കും.
കൊങ്കണ്‍ റെയില്‍വേ തലശ്ശേരി, നിലമ്പൂര്‍ റെയില്‍ പാതയുടെ പഠനം ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍ പാതയുടെ ഡി.പി.ആര് തയാറാക്കുന്ന പ്രവര്‍ത്തനം കെ.ആർ.ഡി.സി ഏറ്റെടുത്തു. ഈ രണ്ട് റെയില്‍ പാതകളുടെയും നിര്‍മാണം കേന്ദ്രാനുമതി വാങ്ങി അഞ്ചു വര്‍ഷത്തിനുള്ളില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീ വഴിയുള്ള വിവിധ വായ്പ പദ്ധതികളിലൂടെ 500 കോടി രൂപയെങ്കിലും അധികമായി സാധാരണക്കാര്‍ക്കു ലഭ്യമാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറക്കുന്നതിനുവേണ്ടിയുള്ള ക്രൈം മാപ്പിങ് കാമ്പയിന് ഏറ്റെടുക്കും.
വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, പൈന്‍ തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ െവച്ചുപിടിപ്പിക്കും. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കും. കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിങ്, മതില്, കിടങ്ങ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. മുത്തങ്ങയിലെ കുങ്കി എലിഫൻറ് സ്ക്വാഡ് ശക്തിപ്പെടുത്തും. വനസംരക്ഷണത്തിനു പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും.
കൽപറ്റ: വയനാടിെൻറ ദീർഘകാല അഭിലാഷമായ മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ല ആശുപത്രികളെ മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തുന്നതിനുള്ള കേന്ദ്ര സർക്കാറിെൻറ സ്കീമിനെ ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി ജില്ല ആശുപത്രിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. അനിവാര്യമായ 150ഓളം അധ്യാപക തസ്തികകൾ കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചു. ബാക്കിയുള്ള തസ്തികകളും ഉടൻ സൃഷ്ടിക്കും. മെഡിക്കൽ കോളജ് ആസ്ഥാനം പിന്നീട് തീരുമാനിക്കും.
കിഫ്ബിയിൽ നിന്ന് 300 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. നിർമാണ ചെലവ് 600 കോടി രൂപെയങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. പുതിയ മെഡിക്കൽ കോളജിെൻറ ഭാഗമായി സിക്കിൾസെൽ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ കുറിച്ച് പഠിക്കുന്നതിന് ഹീമോഗ്ലോബിനോപ്പതി റിസർച് ആൻഡ് കെയർ സെൻർ സ്ഥാപിക്കും. 100 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രികൾ നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.