കവിഞ്ഞൊഴുകുന്ന മുത്തങ്ങ കല്ലൂർപുഴ
കൽപറ്റ: കാലവര്‍ഷം ശക്തമായതോടെ പുഴകളും തോടുകളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കരകവിഞ്ഞൊഴുകുന്ന പനമരം പുഴ, മാനന്തവാടി പുഴ എന്നിവയുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കും. കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലതല ദുരന്തനിവാരണ സമിതി യോഗത്തിലാണ് തീരുമാനം.
പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞാണ് ഒഴുകുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസറ്റ് ഒമ്പതുവരെ പരമാവധി ഒഴിവാക്കണം. അത്യാവശ്യ യാത്രക്കാര്‍ അപകടസാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പേരിയ ഭാഗത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ അകടകരമായ സ്ഥിതിവിശേഷമില്ലെന്ന് യോഗം വിലയിരുത്തി.
കാരാപ്പുഴയില്‍ മൂന്ന് ഷട്ടറുകള്‍ 15 സെൻറിമീറ്റർ വീതം ഉയര്‍ത്തി അളവ് നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. വൈദ്യുതി വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ ടീമും മുഴുസമയം പ്രവര്‍ത്തനസജ്ജമാണ്. ആശുപത്രികള്‍ ഉള്‍പ്പെടെ ജനറേറ്ററുകള്‍ സജ്ജമാക്കും.
മൊബൈല്‍ ടവര്‍ ഓപറേറ്റര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ജനറേറ്ററുകള്‍ സജ്ജമാക്കണം. ഇന്ധനലഭ്യത ജില്ല ഭരണകൂടം ഉറപ്പുവരുത്തും. പെട്രോള്‍ ബങ്കുകള്‍ ആവശ്യത്തിന് സ്‌റ്റോക്ക് കരുതണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് കൂടുതല്‍ ജനറേറ്ററുകള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.
ബോട്ടുകള്‍ കൈവശമുള്ളവര്‍ അവ തയാറാക്കി വെക്കണം. എല്ലാ ആശുപത്രികളും അത്യാഹിതങങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. നിലവില്‍ കോവിഡ് ചുമതലയിലുള്ളതാണെങ്കിലും ബേസിക് ലൈഫ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പാക്കും.
കഴിഞ്ഞ രണ്ടുദിവസത്തിനകം കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട് 75 ഫോണുകള്‍ അഗ്നിരക്ഷ സേനക്ക് ലഭിച്ചതായി ജില്ല ഫയര്‍ ഓഫിസര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, സബ് കലക്ടര്‍ വികൽപ് ഭരദ്വാജ്, അസി. കലക്ടര്‍ ഡോ. ബല്‍പ്രീത് സിങ്, ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.