Representational Image
‘രാജീവ് ഭവൻ സ്വന്തം പേരിലാക്കിയ നേതാവിനെ വെള്ളപൂശുന്നവർ രാജിവെക്കണം
’പുൽപള്ളി: പുൽപള്ളിയിൽ കോൺഗ്രസ് ഓഫിസിനായി നിർമിച്ച രാജീവ് ഭവൻ സ്വന്തം പേരിലാക്കിയ നേതാവിനെ വെള്ളപൂശാൻ നിന്നവർ പാർട്ടിയിൽ നിന്നും രാജിവെക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം കെ.എൽ. പൗലോസ് ആറ് സെന്റ് സ്ഥലം തന്റെ പേരിൽ വാങ്ങുകയും പിന്നീട് ഇതിൽ മൂന്ന് സെന്റ് സ്ഥലം വിൽക്കുകയും ചെയ്തെന്നാണ് ഇവരുടെ പരാതി.
പാർട്ടി പ്രവർത്തകരുടെയടക്കം ഫണ്ട് ശേഖരിച്ച് നിർമിച്ച രാജീവ് ഭവൻ കോൺഗ്രസിന്റെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിന് തയാറായില്ലെങ്കിൽ ഈ സ്ഥലത്ത് പാർട്ടി കൊടി നടുമെന്നും പൗലോസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡന്റ് പി.എൻ. ശിവൻ, മണ്ഡലം സെക്രട്ടറിമാരായ സി.പി. ജോയി, ക്ലീറ്റസ്, ബ്ലോക്ക് സെക്രട്ടറി ബേബി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ഒരു വിഭാഗം കുപ്രചാരണം നടത്തുന്നു -കെ. എൽ. പൗലോസ്
പുൽപള്ളി: പുൽപള്ളിയിൽ കോൺഗ്രസ് പാർട്ടി ഓഫിസിന്റെ പേരിൽ ഒരു വിഭാഗം കുപ്രചാരണം നടത്തുകയാണെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ. എൽ. പൗലോസ് പറഞ്ഞു. വർഷങ്ങളായി മാറിവരുന്ന മണ്ഡലം പ്രസിഡന്റുമാരാണ് രാജീവ് ഭവൻ ഉപയോഗിച്ച് വരുന്നതെന്നും ഇത് സംബന്ധിച്ച പരാതിയിൽ കെ.പി.സി.സി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി നേതൃത്വം പറയുന്ന തീരുമാനം എന്താണോ അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.