കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന വീ​ടു​ക​ൾ

പുനരധിവാസത്തിനായി നിർമിച്ച വീടുകൾ താമസക്കാരില്ലാതെ നശിക്കുന്നു

മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പാലിയാണ വാർഡിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കോടികൾ മുടക്കി സ്ഥലം ഏറ്റെടുത്ത് അടിസ്ഥാനസൗകര്യം ഒരുക്കി നിർമിച്ച 38 വീടുകളിൽ പാതിയും താമസക്കാരില്ലാതെ നശിക്കുന്നു.

പാലിയാണ ഉന്നതി എന്നപേരിൽ കരിങ്കുറ്റി ഊരിനു സമീപം 2018-19 വർഷത്തിലാണ് ഭവന നിർമാണത്തിനായി സ്ഥലം ഏറ്റെടുത്ത് 38 വീടുകൾ നിർമിച്ചത്. ഇതിനായി ആദ്യഘട്ടത്തിൽ നാലര ഏക്കർ ഭൂമിയും തുടർന്ന് ശ്മശാനത്തിനും കളിസ്ഥലത്തിനും നടപ്പാതകൾക്കുമായി ഒന്നര ഏക്കർ ഭൂമിയും പട്ടികവർഗ വകുപ്പ് വാങ്ങി. ഭൂമിയുടെ വിലയും കൂട്ടി 10 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിച്ചത്.

ഇതിനുപുറമേ 49 ലക്ഷം രൂപ കുടിവെള്ളത്തിനും 25 ലക്ഷം രൂപ സാമൂഹിക പഠനമുറിക്കും സാംസ്കാരിക നിലയത്തിനും എട്ടു ലക്ഷം രൂപ പാതകൾ കോൺക്രീറ്റ് ചെയ്യുന്നതിനും വിനിയോഗിച്ചു. മഴക്കാലത്തുപോലും കിണറ്റിൽ ഒരടി പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നിലവിൽ.

ഊരുനിവാസികൾ അയൽ വീടുകളിൽനിന്നാണ് പലപ്പോഴും വെള്ളം ശേഖരിക്കുന്നത്. അടുത്തകാലംവരെ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ടാങ്കറിൽ വെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോൾ എട്ടുലക്ഷം രൂപ മുടക്കി ജലനിധി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് പട്ടികവർഗ വകുപ്പ് തയാറെടുക്കുകയാണ്. 25 ലക്ഷത്തിന്റെ സാംസ്കാരിക നിലയം പണി തീർത്ത് നാളിതുവരെ ഒരാവശ്യത്തിനും തുറന്നിട്ടില്ല.

ലക്ഷങ്ങൾ മുടക്കി പണിതീർത്ത വീടുകൾ കാടുകയറി നശിക്കുന്നതാണ് ഏറെ പരിതാപകരം. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് അപേക്ഷകരായെത്തിയവർക്കാണ് വീട് അനുവദിച്ചതെങ്കിലും പലരും താമസം മതിയാക്കി വന്നിടത്തേക്ക് തന്നെ മടങ്ങി. സമീപമുള്ള ഊരുകളിലെ ഗുണഭോക്താക്കളെ പരിഗണിച്ചതുമില്ല. പ്രാദേശികമായി നിരവധി ഊരുകളിൽ കിടപ്പാടം ഇല്ലാതെ വിഷമിക്കുന്നവർ അനവധിയാണ്.

ഇവർക്ക് ഉപയോഗിക്കാതെ കാടുകയറുന്ന വീടുകൾ നൽകാൻ ട്രൈബർ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പൊതുഖജനാവിൽനിന്ന് കോടികൾ മുടക്കി രൂപപ്പെടുത്തിയ സൗകര്യങ്ങൾ, ഉപകാരപ്രദമല്ലാത്ത രീതിയിൽ ഉപേക്ഷിക്കപ്പെടുന്നത് എന്തിന്റെ പേരിലാണെന്നും ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നും പാലിയണ പൗരസമിതി ആവശ്യപ്പെട്ടു.

Tags:    
News Summary - houses are being destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.