വില ക്വിന്റലിന് 73,500 രൂപ; കറുത്ത പൊന്നിന് നല്ല കാലം
കൽപറ്റ: പ്രതീക്ഷയേകി കുരുമുളകിന് നല്ല കാലം. വയനാടൻ കുരുമുളകിന്റെ വില ക്വിന്റലിന് 73,500 എന്ന നിലയിലെത്തി. ഉൽപാദനം കുറഞ്ഞതിനാലാണ് വില കൂടിയത്. 2014-2015ൽ വളരെ കുറച്ചുദിവസം മാത്രമായിരുന്നു 73,000 എന്ന ഉയർന്ന വില ലഭിച്ചത്. വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വയനാട്ടിലെ മൊത്തവ്യാപാരികൾ പറയുന്നു. എന്നാൽ, കുരുമുളക് കാലങ്ങളായി സൂക്ഷിച്ചുവെച്ചവർക്ക് മാത്രമാണ് ഉയർന്ന വിലയുടെ ഗുണം ലഭിക്കൂ.
ചെറുകിടക്കാർക്ക് ഉൽപാദനചെലവ് അടക്കം തട്ടിക്കുമ്പോൾ കാര്യമായ പ്രയോജനമുണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്. 2016ൽ ക്വിന്റലിന് 70,000 രൂപയിൽ എത്തിയെങ്കിലും പിന്നീട് വില താഴേക്കുപോവുകയായിരുന്നു. 2019ൽ ക്വിന്റലിന് 34,200 രൂപ വരെയായി വില കുറഞ്ഞിരുന്നു. അക്കാലത്തു കുരുമുളക് ഇറക്കുമതിയും നടന്നിരുന്നു. ഇറക്കുമതിക്കു നിയന്ത്രണവും നിരോധനവും വന്നെങ്കിലും പിന്നീടു വില കാര്യമായി ഉയർന്നില്ല. 2021ൽ ക്വിന്റലിന് 52,000 രൂപയായി വില കൂടി. പിന്നീട് രണ്ട് വർഷം കാര്യമായ മാറ്റമുണ്ടായില്ല. കഴിഞ്ഞ വർഷമാണ് വില വീണ്ടും ഉയർന്നുതുടങ്ങിയത്.
വിലയിൽ കുതിപ്പുണ്ടായെങ്കിലും കുരുമുളക് കൃഷിയും ഉൽപാദനവും കുറവായതും സാധാരണ കർഷകർക്ക് തിരിച്ചടിയാണ്. തൊഴിലാളികൾക്ക് കൂലി കൊടുക്കേണ്ടതും തോട്ടം പരിപാലനത്തിനു ചെലവു കണ്ടെത്തേണ്ടതും പരിഗണിക്കുമ്പോൾ വിളവെടുപ്പിനു ശേഷം കുരുമുളക് അധികകാലം സൂക്ഷിച്ചു വയ്ക്കാനാകുന്നില്ലെന്നതാണ് ചെറുകിട കർഷകരുടെ പ്രതിസന്ധി. ഇറക്കുമതി കുറഞ്ഞതും സ്റ്റോക്ക് ആവശ്യത്തിന് ഇല്ലാത്തതുമാകാം മികച്ച വിലക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഒരുകാലത്ത് കുരുമുളകിന്റെ വൻ ഉൽപാദനമാണ് വയനാട്ടിലുണ്ടായിരുന്നത്. അന്ന് കറുത്ത പൊന്നിന്റെ നാട് എന്ന് വയനാട് അറിയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കാലാവസ്ഥാവ്യതിയാനവും രോഗബാധയും മൂലം കുരുമുളക് ഉൽപാദനം ഗണ്യമായി കുറഞ്ഞു. തുടർച്ചയായ മഴയും പിന്നീടുണ്ടാകുന്ന വെയിലും കുരുമുളക് വള്ളികൾ പഴുത്തുണങ്ങാനിടയാക്കുകയാണ്.
ജില്ലയിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞു
കൽപറ്റ: വയനാട്ടിൽ കുരുമുളക് ഉൽപാദനം കുത്തനെ കുറയുകയാണ്. 2005ൽ 2.37 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന കൃഷി ഇപ്പോൾ 7,000 ഹെക്ടർ മാത്രമായി ചുരുങ്ങി. ഉൽപാദനം 87,000 ടണ്ണിൽ നിന്ന് 21,714 ടണ്ണിലേക്ക് കൂപ്പുകുത്തി. ദ്രുതവാട്ടം, മഞ്ഞളിപ്പ് എന്നീ രോഗങ്ങൾ പ്രധാന വില്ലൻമാരായി. ഒരുകാലത്ത് പുൽപള്ളി, മുള്ളൻകൊല്ലി ഭാഗത്തെ തോട്ടങ്ങൾ മുഴുവൻ നശിപ്പിച്ചത് ഇതുമൂലമാണ്. കുരുമുളക് വള്ളിക്ക് അധിക മഴയും അധിക വരൾച്ചയും പറ്റില്ല. ഡിസംബർ-ഫെബ്രുവരി മഴയുടെ താളം തെറ്റിയതോടെ പൂക്കളും കായും നശിക്കുകയാണ്.
മുമ്പ് ഹെക്ടറിൽ 422 കിലോ കിട്ടിയിരുന്നത് ഇപ്പോൾ 311 കിലോ മാത്രമായി കുറഞ്ഞു. പണിക്കാരെ കിട്ടാനില്ലാത്തതും കൃഷിച്ചെലവ് കൂടുന്നതും മൂലം പലരും കുരുമുളക് വിട്ട് കാപ്പി, അടയ്ക്ക കൃഷിയിലേക്ക് മാറിയിട്ടുമുണ്ട്. പലരും ഹൈടെക് കുരുമുളക് കൃഷി -കോൺക്രീറ്റ് തൂണിൽ വള്ളി കയറ്റുന്ന രീതിയിലേക്ക് മാറുകയും ചെയ്തു. നിലവിൽ റെക്കോഡ് വില കിട്ടിയത് കർഷകരിൽ പ്രതീക്ഷ വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.