ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ ആറു മുതൽ ഒമ്പതുവരെ തെപ്പക്കാട് ആന ക്യാമ്പിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ഇവിടുത്തെ ഹോസ്റ്റലുകളും ഭക്ഷണശാലകളും അടച്ചിടും. വാഹന സവാരിയും റദ്ദാക്കിയിട്ടുണ്ട്. കടുവ സംരക്ഷണ പദ്ധതിയുടെ 50ാം വാർഷികം ഒമ്പതിന് കർണാടകയിലെ മൈസൂരുവിൽ നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അമ്മയാനയിൽ നിന്ന് ഒറ്റപ്പെട്ട ആനക്കുഞ്ഞുങ്ങളെ വളർത്തിയ പാപ്പാന്മാരായ ബൊമ്മൻ വെള്ളിയുടെ അനുഭവങ്ങൾ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം ദ എലിഫന്റ് വിസ്പറേസ് ഓസ്കർ അവാർഡ് ലഭിച്ചിരുന്നു.
ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെട്ട പാപ്പാൻ ദമ്പതികളെ പ്രധാനമന്ത്രി മോദി കാണുകയും അഭിനന്ദിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തെപ്പക്കാട് ആദിവാസി ഊരുകളിലും ആനക്യാമ്പുകളിലും വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി മസിനഗുഡി പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ഹോസ്റ്റലുകളുടെ ഉടമകളുമായും മാനേജർമാരുമായും നടത്തിയ ചർച്ചയിൽ മസിനഗുഡി പരിസര പ്രദേശങ്ങളിലെ ഹോസ്റ്റലിൽ താമസിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും ഫോട്ടോകൾ സഹിതം രേഖപ്പെടുത്തണം.
വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും സംശയം തോന്നിയാൽ വിവരം പൊലീസിനെ അറിയിക്കണമെന്ന് ഗൂഡല്ലൂർ ഡിവൈ.എസ്.പി സെൽവരാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ സുരക്ഷ കാരണങ്ങളാൽ ഇന്ന് മുതൽ ഒമ്പതു വരെ മുതുമല കടുവ സങ്കേതത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.
മുതുമല കടുവ സങ്കേതത്തിലെ എല്ലാ റിസോർട്ടുകൾ, തൊഴിൽ വ്യവസായങ്ങൾ, റസ്റ്റോറന്റുകൾ, റിഫ്രഷ്മെന്റുകൾ എന്നിവ ആറു മുതൽ ഒമ്പതു വരെ അടച്ചിടുമെന്നും മുതുമല കടുവ സങ്കേത ഡയറക്ടർ ആർ. വെങ്കിടേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.