മീനങ്ങാടി: പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിൽ കൃത്രിമം കാണിച്ച് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 'ഓപറേഷൻ റൈസ് ബൗൾ, എന്ന പേരിൽ വയനാട്ടിലെ നൂൽപ്പുഴ, മുള്ളൻകൊല്ലി, തിരുനെല്ലി, കണിയാമ്പറ്റ കൃഷിഭവനുകളുടെ കീഴിലെ പാടശേഖരങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. നൂൽപ്പുഴ കൃഷിഭവനു കീഴിലെ ഒരു കർഷകന്റെ 80 സെന്റ് നിലം നെല്ല് സംഭരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയും അതനുസരിച്ച് 1641 കിലോഗ്രാം നെല്ല് സപ്ലൈക്കോക്ക് നൽകി ആനുകൂല്യം കൈപ്പറ്റിയെന്നുമാണ് രേഖ.
നേരിട്ടുള്ള പരിശോധനയിൽ നിലം പൂർണമായും കവുങ്ങ് കൃഷി ചെയ്തതായും വിജിലൻസ് അറിയിച്ചു. മറ്റൊരു കർഷകൻ 7.5 ഏക്കർ നിലം നെല്ല് സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്യുകയും കൃഷിഭൂമിയിൽ വാഴ ഉൾപ്പെടെയുള്ള മറ്റു വിളകൾ കൃഷി ചെയുകയും രജിസ്റ്റർ ചെയ്ത കൃഷിഭൂമിയിൽ നിന്നും ലഭിക്കാവുന്നതിലും അധികം നെല്ല് സപ്ലൈക്കോക്ക് നൽകി ആനുകൂല്യം കൈപ്പറ്റിയതായും കണ്ടെത്തി. നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത ഭൂമി കാണിച്ച് ആനുകൂല്യത്തിന് അപേക്ഷ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ സപ്ലൈക്കോയുമായി കരാറിൽ ഏർപ്പെട്ട മില്ലുകാർ കർഷകരിൽ നിന്നും നെല്ല് അളന്നു തിട്ടപ്പെടുത്തി ശേഖരിക്കുന്ന സമയം പൊടിയുടെയും ഈർപ്പത്തിന്റെയും പേരിൽ 10ശതമാനം തൂക്കക്കുറവ് വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ നെൽകൃഷിക്ക് യോഗ്യമായ സ്ഥലത്തിന്റെ വിസ്തീർണം തിട്ടപ്പെടുത്താൻ സാധിക്കാതെ വന്നിട്ടുണ്ട്. വിജിലൻസിന്റെ ഓപറേഷൻ റൈസ് ബൗൾ മിന്നൽ പരിശോധനക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂനിറ്റ് ഡിവൈ.എസ്.പി സിബി തോമസ്, ഇൻസ്പെക്ടർമാരായ മനോഹരൻ തച്ചമ്പത്ത്, എ.യു. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.