ഓടപ്പള്ളം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടന്ന മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിന് എസ്.സി.ഇആർ.ടി സംഘടിപ്പിച്ച ‘മികവ് സീസണ് 5’ ല്‍ ജില്ലയില്‍നിന്ന് ഓടപ്പള്ളം ഗവ. ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. മാതൃക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം സ്കൂളില്‍ നടന്നു. ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് ഓടപ്പള്ളം ഹൈസ്കൂള്‍.
വിദ്യാലയത്തിലെ കുട്ടികള്‍ നടത്തുന്ന സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിനര്‍ഹമാക്കിയത്. നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രായോഗിക പഠനാനുഭവങ്ങള്‍ നല്‍കുന്നതിനും സംരംഭകത്വത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ നല്‍കുന്നതിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനുമാണ് സ്കൂള്‍ മാര്‍ക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. സില് ഫൗണ്ടേഷന്റെ സഹായത്തോടെ ആരംഭിച്ച സ്കൂള്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോപ്പ്, സോപ്പ് പൊടി, വിവിധ തരം ലോഷനുകള്‍, തുണി സഞ്ചികള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മിച്ചുവരുന്നു.
സ്ക്രീന്‍ പ്രിന്റിങ്, ബുക്ക് ബൈന്റിങ്, കുട നിര്‍മാണം തുടങ്ങിയവയിലും പരിശീലനം നല്കി വരുന്നുണ്ട്. കുട്ടികള്‍ നിര്‍മിച്ച ഉൽപന്നങ്ങളും കുട്ടികള്‍ക്കാവശ്യമായ മറ്റ് അവശ്യസാധനങ്ങളും ഒഴിവു സമയങ്ങളില്‍ കുട്ടികള്‍ തന്നെ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുന്നു. ലാഭം പൂര്‍ണമായും കുട്ടികള്‍ക്ക് തന്നെ നല്കുന്നു.
പരസ്യ പോസ്റ്ററുകള്‍ തയാറാക്കല്‍, ട്രോഫികള്‍ ഡിസൈനിങ്, തയ്യല്‍, ലേബലിങ്, അക്കൗണ്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് ഗണിതം, ഭാഷ, ഐ.ടി വിഷയങ്ങളുടെ പ്രായോഗിക പഠനത്തിലൂടെയാണ്. സെയില്‍സ്, അക്കൗണ്ടിങ്, കലക്ഷന്‍, മാര്‍ക്കറ്റിങ് എന്നീ നാലു വിഭാഗങ്ങളിലായി എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും സ്കൂള്‍മാര്‍ക്കറ്റ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരത്തു നടന്ന 'മികവ് സീസണ് 5’ സെമിനാറില്‍ പ്രോജക്ട് കോഓഡിനേറ്റര്‍ കെ.സി. ജാന്‍സി, എ.യു. ഹസീന എന്നിവര്‍ പങ്കെടുത്തു. പി. സുരേഷ്, പ്രധാനാധ്യാപിക കെ. കമലം, പി.ടി.എ. പ്രസിഡന്റ് എം.സി. ശരത് എന്നിവര്‍ ഡോക്യുമെന്ററി ചിത്രീകരണത്തിന് നേതൃത്വം നല്കി. കഴിഞ്ഞവര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും സംഘടിപ്പിച്ച ഹരിത വിദ്യാലയം സീസണ് മൂന്നിൽ സംസ്ഥാനത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിദ്യാലയമായി ഓടപ്പള്ളം ഗവ. ഹൈസ്കൂളിനെ തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.